ഗസ്സ സിറ്റി: ആധുനിക ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ ദുരന്തങ്ങളിലൊന്നായ ഗാസ യുദ്ധത്തിന് ഇന്ന് രണ്ട് വയസ്സ്. 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രയേലിൽ നടത്തിയ മിന്നലാക്രമണത്തോടെ ആരംഭിച്ച സംഘർഷം, പലസ്തീൻ ജനതയെ അക്ഷരാർത്ഥത്തിൽ അഭയാർത്ഥി ക്യാമ്പുകളിലേക്ക് തള്ളിയിട്ടു. രണ്ട് വർഷം പിന്നിടുമ്പോൾ, ഔദ്യോഗിക കണക്കുകൾ പ്രകാരം 67,160 പലസ്തീൻകാർക്കാണ് ഗാസയിൽ ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണ്. 1,69,679 പേർക്കു പരുക്കേറ്റു. ഗാസയിലെ 22 ലക്ഷം ജനങ്ങളിൽ 90 ശതമാനവും ഭവനരഹിതരായി. ആറര ലക്ഷത്തോളം ആളുകൾ കൊടുംപട്ടിണിയിലായി.
സായുധ സംഘടനയായ ഹമാസ് 2023 ഒക്ടോബർ 7-ന് തെക്കൻ ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് യുദ്ധത്തിന് തിരികൊളുത്തിയത്. ഈ ആക്രമണത്തിൽ 1200 ഇസ്രയേലുകാർ കൊല്ലപ്പെടുകയും 1195 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. പിന്നാലെ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഗാസയിൽ ഇസ്രയേൽ സൈന്യം കനത്ത വ്യോമാക്രമണം ആരംഭിച്ചു. ആക്രമണം രൂക്ഷമായതോടെ ഗാസയിൽ നിന്ന് അഭയാർഥിപ്രവാഹം ആരംഭിച്ചു. ഹമാസിന്റെ സാന്നിധ്യം ആരോപിച്ച് ആശുപത്രികളും സ്കൂളുകളും വരെ ഇസ്രയേൽ സൈന്യം തകർത്തു. ബന്ദികളെ വിട്ടയക്കണമെന്ന ആവശ്യം ഹമാസ് നിരാകരിച്ചതോടെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. രണ്ട് വർഷം പിന്നിടുമ്പോഴും, വെടിനിർത്തലിനും സമാധാനത്തിനുമുള്ള വഴികൾ അടഞ്ഞുതന്നെ കിടക്കുകയാണ്.
















