ബെയ്ജിങ്: എവറസ്റ്റ് കൊടുമുടിയുടെ ടിബറ്റൻ ചരിവുകളിലുണ്ടായ കനത്ത ഹിമപാതത്തിൽ ഒരു പർവതാരോഹകൻ (41) മരിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ഇതിനകം 137 പേരെ രക്ഷപ്പെടുത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
സഞ്ചാരികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇടിമിന്നലും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ദൃശ്യമാണ്. ഒക്ടോബർ മാസത്തിലാണ് എവറസ്റ്റ് കായറാൻ കൂടുതൽ ആളുകൾ എത്തുന്നത്. ദേശീയ ദിനവും ശരത്കാല ഉത്സവവും പ്രമാണിച്ച് ഒക്ടോബർ 1 മുതൽ ചൈനയിൽ 8 ദിവസം അവധിയായതിനാൽ ആയിരക്കണക്കിന് ആളുകളാണ് ടിബറ്റ് സന്ദർശിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് എവറസ്റ്റിന്റെ കിഴക്കൻ ചരിവുകളിൽ മഞ്ഞുവീഴ്ച രൂക്ഷമായത്. പർവ്വതാരോഹകർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണിത്. ശരാശരി 4,200 മീറ്റർ (13,800 അടി) ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 350 പർവ്വതാരോഹകരെയാണ് ഖുഡാങ്ങിൽ എത്തിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ഒറ്റപ്പെട്ട ക്യാംപുകളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
















