ബെംഗളൂരു: മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട യുവാവ് അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. അധ്യാപകയുടെ പക്കൽ നിന്നും 2.27 കോടി രൂപ പല കാരണങ്ങൾ പറഞ്ഞ് യുവാവ് തട്ടിയെടുത്തുവെന്നാണ് പരാതി.
59 വയസ്സുകാരിയായിരുന്ന അധ്യാപികയ്ക്കു ഒരു മകൻ ഉണ്ടായിരുന്നു. എന്നാൽ ഒപ്പം താമസിച്ചിരുന്നില്ല. ഒറ്റയ്ക്കായതിനാൽ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആഗ്രഹിച്ചാണ് അധ്യാപിക മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്തത്.
യുഎസ് പൗരനായ അഹൻ കുമാർ എന്ന വ്യക്തിയുമായിയാണ് മാട്രിമോണി സൈറ്റിലൂടെ അധ്യാപിക പരിചയത്തിലായത്. ഇയാൾ 2019 ഡിസംബർ മുതൽ അറ്റ്ലാന്റയിൽ താമസിക്കുകയാണ്.തുർക്കിയിലെ ഇസ്താംബുളിൽ ഒരു കമ്പനിയുടെ ഡ്രില്ലിംഗ് എഞ്ചിനീയറാണ് അയാൾ എന്ന് പരിചയപ്പെടുത്തുകയായിരുന്നു.
2020 ജനുവരിയിൽ ഭക്ഷണത്തിന് പണം തികയുന്നില്ലെന്ന് പറഞ്ഞാണ് ഇയാൾ അധ്യാപികയോട് ആദ്യമായി പണം ആവശ്യപ്പെട്ടത്. ദയ തോന്നിയ അധ്യാപിക പണം അയച്ചു നൽകുകയായിരുന്നു. പിന്നീട് മറ്റു പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അയാൾ കൂടുതൽ പണം ആവശ്യപ്പെട്ടു. ഏകദേശം 2.27 കോടി രൂപ ഇത്തരത്തിൽ അധ്യാപിക അയാൾക്ക് കൈമാറിയതായി എഫ്ഐആറിൽ പറയുന്നു.
പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരികെ തരാൻ അയാൾ തയാറായില്ല. കഴിഞ്ഞ ദിവസം വീണ്ടും 3.5 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അധ്യാപിക പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
















