പാലക്കാട്: സാമ്പത്തിക തർക്കത്തെത്തുടർന്ന് ഗർഭിണിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും ഭീഷണിപ്പെടുത്തുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പാലക്കാട് എലപ്പുള്ളി തേനാരിയിൽ ആയിരുന്നു സംഭവം.
പണം തിരികെ നല്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു പരാതിക്കാരിയായ യുവതിയുടെ വീട്ടിൽ പ്രതി അതിക്രമിച്ച് കയറിയതും ഭീഷണി മുഴക്കിയതും വീട്ടിലുണ്ടായിരുന്ന വാഹനങ്ങൾക്ക് കേസുപാടുകൾ വരുത്തിയതും. സംഭവത്തിൽ തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ് (44) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയായ ജയപ്രകാശ് പരാതിക്കാരിയുടെ ഭർത്താവിന് നൽകിയ പണം തിരികെ കിട്ടാത്തതിലുള്ള വിരോധം മൂലം ഇരുമ്പുവടിയുമായി പരാതിക്കാരിയും കുടുംബവും താമസിക്കുന്ന എലപ്പുള്ളി, തേനാരി, ഒകരപള്ളത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകളും പുറത്ത് നിർത്തിയിട്ടിരുന്ന ഇവരുടെ കാറിന്റെ മുൻവശത്തെ ഗ്ലാസും കല്ലുകൊണ്ട് തകർത്ത്.
ഏകദേശം 200,000 രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. സംഭവത്തിന് പിന്നാലെ യുവതി പോലീസിൽ പരാതി നൽകുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയെ കസബ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
















