ആലപ്പുഴ: ലോട്ടറി അടിച്ചിട്ട് വേണം ജോലി രാജിവെച്ച് ഒന്ന് സുഖിക്കാന്‍. ലോട്ടറി എടുക്കുന്നവര്‍ പതിവായി പറയുന്ന ഒരു ഡയലോഗ് ആണിത്. എന്നാല്‍ 25 കോടിയുടെ തിരുവോണ ബംപര്‍ ലോട്ടറി അടിച്ചതിന്റെ അമിതാവേശം ഒന്നും ശരത് എസ് നായര്‍ക്ക് ഇല്ല. പതിവ് പോലെ നെട്ടൂരിലെ പെയിന്റ് കടയില്‍ ജോലിക്കെത്തി ഞെട്ടിച്ചിരിക്കുകയാണ് ശരത് . കോടികളില്‍ മതിമറന്ന് സ്വപ്ന ലോകത്ത് കഴിയാന്‍ ഒന്നും ശരത് ഒരുക്കമല്ല. ജോലി തന്റെ ചോറാണ് എന്ന് ഓര്‍മ്മിപ്പിച്ച് യാതൊരുവിധ ജാഡകളും ഇല്ലാതെയാണ് ശരത് ജോലിക്കെത്തിയത്.
കിട്ടുന്ന പണം എന്തുചെയ്യണമെന്നതിനെ കുറിച്ച് പ്ലാന്‍ ചെയ്ത് വരുന്നുള്ളൂവെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു. ‘നോക്കിയിട്ട് ചെയ്യും. ഇതുവരെ ആരും വിളിച്ച് ശല്യം ഒന്നും ചെയ്തിട്ടില്ല. ലോട്ടറി വിജയിയെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നപ്പോഴും അടിച്ച ലോട്ടറി കൈയില്‍ ഉള്ളത് കൊണ്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ലോട്ടറി അടിച്ച കാര്യം പുറത്ത് പറഞ്ഞാലും ഇല്ലെങ്കിലും നാളെ എല്ലാവരും ഇതെല്ലാം അറിയും. പ്രത്യേകിച്ച് പറയാതിരുന്നിട്ട് എന്താണ് കാര്യമുള്ളത്.’- ശരത് പറഞ്ഞു.
ആറുമാസം പ്രായമുള്ള ശരത്തിന്റെ കുഞ്ഞ് ആഗ്നേയ് കൃഷ്ണന്റെ ഐശ്വര്യമാണ് ലോട്ടറി അടിച്ചതിന് പിന്നിലെന്നാണ് കുടുംബം പറയുന്നത്. ഓണം ബംപര്‍ നേടിയ തൈക്കാട്ടുശേരി മണിയാതൃക്കല്‍ നെടുംചിറയില്‍ ശരത് എസ് നായരുടെ ഏക മകനാണ് ആഗ്നേയ് കൃഷ്ണന്‍. 8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആഗ്നേയ് എത്തിയത്.
















