കാസർകോട്: വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ദമ്പതികൾ മരിച്ചു. മഞ്ചേശ്വരം കടമ്പാർ സ്വദേശി അജിത്ത്(35), ഭാര്യ ശ്വേത(27) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ദമ്പതികൾ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
പെയിന്റിങ് ജോലിയാണ് അജിത്തിന്. ഭാര്യ ശ്വേത വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ദമ്പതികൾക്ക് കടുത്ത സാമ്പത്തിക പ്രശ്നമുണ്ടെന്നാണ് വിവരം. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടിൽ താമസം. തിങ്കളാഴ്ച മാതാവ് ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ ശ്വേതയും അജിത്തും മൂന്നു വയസുള്ള മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കി തിരിച്ചെത്തിയാണ് വിഷം കഴിച്ചത്.
തിങ്കളാഴ്ച്ച മൂന്നു വയസ്സുള്ള മകനേയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരിടം വരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്. തിരികെ വീട്ടിലെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. വൈകുന്നേരത്തോടെ വീട്ടുമുറ്റത്ത് വീണു കിടക്കുന്ന നിലയിലാണ് അയൽവാസികൾ ഇവരെ കണ്ടത്. ഉടൻ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ ദേർളക്കട്ടയിലെ ആശുപത്രിയിലേക്കു മാറ്റി.
ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയാണ് അജിത്ത് മരിച്ചത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം ശ്വേതയും മരിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
















