പറയാനുള്ളത് വ്യക്തമായും ശക്തമായും തന്നെ പറയുന്നതാണ് നല്ലതെന്നു തോന്നുന്ന ചില ഘട്ടങ്ങളുണ്ട്. അത് ആസന്നമായിരിക്കുന്നു. അതുകൊണ്ട് പറയുകയാണ്. ഈ രാജ്യം, മതേതരത്വവും നാനാത്വത്തില്‍ ഏകത്വവുമുള്ള ഇന്ത്യാ മഹാരാജ്യം, ഒരുത്തന്റെയും തന്തയുടെ വകയല്ല. ഈ രാജ്യത്തിന് ഭരണഘടനയുണ്ട്. നിയമവും ജനാധിപത്യ സംവിധാനങ്ങളുമുണ്ട്. രാജ്യത്തെ ദളിതരും പിന്നോക്കക്കാരും സംരക്ഷിക്കപ്പെടുന്നത് ഭരണഘടനയുടെ അവകാശാധികാരത്തിലാണ്. അല്ലാതെ, ഒരു മതത്തിന്റെയും ഒരു ജാതിയുടെയും ഔദാര്യത്തിലല്ല എന്നത് മനസ്സിലാക്കുകയാണ് വേണ്ടത്. ജാതി-മത വിദ്വേഷത്തിന്റെ ഏറ്റവും വലിയ അസ്വസ്ഥതയാണ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ കണ്ടത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്ന പദവിയോടോ, ഭരണഘടനാ സ്ഥാപനത്തിനോടോ ഉള്ള ബഹുമാനക്കുറവു കൊണ്ടല്ല, ഒരു അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിക്കു നേരെ ഷൂ എറിഞ്ഞത്.
രാജ്യത്തെ പരമോന്നത നീതി പീഠത്തില്‍ ഒരു ദളിതന്‍ ഇരിക്കുന്നതും, ആ കോര്‍ട്ടില്‍ ഒരു ക്ഷേത്രത്തിന്റെ കേസ് പരിഗണിക്കുന്നതും, സനാതന ധര്‍മ്മത്തെ ദളിതന്‍ ചോദ്യം ചെയ്യുന്നതുമാണ് ജാതിയില്‍ കൂടിയ, ഹിന്ദുത്വ അജണ്ടയില്‍ മാത്രം കോടതിയെയും നീതി പീഠത്തിലെ ജസ്റ്റിസിനെയും കണ്ട, അഭിഭാഷകന് ദഹിക്കാതെ വന്നത്. ദളിതനല്ലാത്ത, മറ്റു പിന്നാക്ക വിഭാഗത്തില്‍ നിന്നുമല്ലാത്ത ഏതൊരു ജസ്റ്റിസാണെങ്കിലും അഭിഭാഷകനില്‍ നിന്നും ഇത്തരം നീച പ്രവൃത്തി ഉണ്ടാകില്ല എന്നതാണ് വസ്തുത. കാരണം, ദളിതനെയും-മറ്റു പിന്നാക്കക്കാരെയും സനാതന ധര്‍മ്മ പ്രകാരം തൊട്ടുകൂടാത്തവനവും തീണ്ടിക്കൂടാത്തവനുമാക്കി വെച്ചിരിക്കുകയാണ്.
അതേ മനോഭാവത്തോടെയാണ് നീതിപീഠത്തില്‍ വാദിക്കാന്‍ ആ അഭിഭാഷകന്‍ നിന്നതുമെന്ന് വ്യക്തമാണ്. ആക്രമണം നടത്തിയത് അഭിഭാഷകന്‍ രാകേഷ് കിഷോര്‍ ആണ്. സംഭവം നടന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പുറത്താക്കി. ”ആ സമയത്ത് കോടതി മുറിക്കുള്ളിലുണ്ടായിരുന്ന ഒരു അഭിഭാഷകന്‍, ചീഫ് ജസ്റ്റിസിന് നേരെ എന്തോ എറിഞ്ഞു. അതിനുശേഷം കുറച്ച് നേരം അവിടെ നിന്നു, തുടര്‍ന്ന് അയാളെ പുറത്തേക്ക് കൊണ്ടുപോയി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
- കേസ് എന്തായിരുന്നു ? ചീഫ് ജസ്റ്റിസ് പറഞ്ഞതെന്ത് ?
മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രസമുച്ചയത്തിലുള്ള ഝാവേരി ക്ഷേത്രത്തില്‍ വിഷ്ണുവിന്റെ ഏഴടി ഉയരമുള്ള വിഗ്രഹം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇതിനെ ‘പരസ്യതാല്‍പര്യ ഹര്‍ജി’ (Publicity Interest Litigation) എന്നു വിശേഷിപ്പിച്ച കോടതി, വിഗ്രഹം പുനസ്ഥാപിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) അധികാരപരിധിയിലുള്ള വിഷയമാണെന്നും നിരീക്ഷിച്ചിരുന്നു. ആ കേസാണ് തിങ്കളാഴ്ച വീണ്ടും വാദം കേട്ടത്. ചീഫ് ജസ്റ്റിസ് ഗവായ് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകന്‍ അദ്ദേഹത്തിന് നേരെ ഷൂ എറിയാന്‍ ശ്രമിച്ചതെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇത് പൂര്‍ണ്ണമായും വ്യക്തിഗത താല്‍പര്യ കേസാണ്. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുക. നിങ്ങള്‍ വിഷ്ണുവിന്റെ കടുത്ത ഭക്തനാണെന്ന് പറയുകയാണെങ്കില്‍, നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക,’ ചീഫ് ജസ്റ്റിസ് ഗവായ് ഹര്‍ജിക്കാരനോട് പറഞ്ഞത് ഇതാണ്.
”സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാന്‍ സഹിക്കില്ല” (സനാതന്‍ ധര്‍മ് കാ അപ്മാന്‍ നഹി സഹേഗാ ഹിന്ദുസ്ഥാന്‍) എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അഭിഭാഷകന്‍ ഷൂസ് എറിഞ്ഞത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇയാളെ കോടതി മുറിയില്‍ നിന്ന് പുറത്താക്കി. അതേസമയം, ഷൂസല്ല, കുറേ കടലാസുകളാണ് ഇയാള്‍ എറിഞ്ഞതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ കോടതി നടപടികള്‍ തടസപ്പെട്ടു. എന്നാല്‍, ബെഞ്ചിലുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് തികച്ചും അക്ഷോഭ്യനായാണ് പ്രതികരിച്ചത്. ”ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധ തെറ്റിക്കരുത്. ഞങ്ങളുടെ ശ്രദ്ധ മാറുന്നില്ല. ഇതൊന്നും എന്നെ ബാധിക്കില്ല”, എന്നും അദ്ദേഹം പറഞ്ഞു. ഷൂ തന്റെ മേശപ്പുറത്തോ ദേഹത്തോ വീണിട്ടില്ലെന്നും, ശബ്ദം മാത്രമേ കേട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ”ഞാന്‍ ഗവായി സാബിന് നേരെയാണ് എറിഞ്ഞത്” എന്ന് അഭിഭാഷകന്‍ പറയുന്നത് കേട്ടതായും, ഷൂ മറ്റെവിടെയോ വീണതിനാലാണ് അദ്ദേഹം അത് വിശദീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതിയുടെ ചരിത്രത്തിലെ തന്നെ നാടകീയ സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇതുവരെ പരമോന്നത നീതി പീഠത്തില്‍ സംഭവിക്കാത്തത്. സംഭവിക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നു ഇത്. ഗവായ് പരിഗണിച്ച കേസും, കേസുമായി ബന്ധപ്പെട്ട വിഷയവുമാണ് ഇത്തരം നാടകീയമായി അവതരിപ്പിച്ച ജാതീയത. ഒരു ദളിതന്‍ ഹിന്ദു ദൈവങ്ങളെയോ, സനാതന ധര്‍മ്മത്തെയോ ചോദ്യം ചെയ്യാന്‍ വളര്‍ന്നിട്ടില്ല എന്നാണ് രാകേഷ് കിഷോറിലൂടെ രാജ്യത്തെ അറിയിച്ചിരിക്കുന്നത്. ഈ രാജ്യത്ത് ഒരു മതം മാത്രമല്ല, ഒരു ദൈവം മാത്രമല്ല, ഒരു വിഭാഗം മനുഷ്യര്‍ മാത്രമല്ല ജീവിക്കുന്നതെന്ന സാമാന്യ ബോധം രാകേഷ് കിഷോറിനോ സനാതന ധര്‍മ്മക്കാര്‍ക്കോ ഇല്ലെന്നതാണ് തെളിഞ്ഞിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ മുതിര്‍ന്ന അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ചത്. സംഭവത്തോട് ശാന്തമായി പ്രതികരിച്ച ചീഫ് ജസ്റ്റിസ്, തനിക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ഒരു നടപടിയും എടുക്കേണ്ടതില്ലെന്നും നിര്‍ദ്ദേശം നല്‍കിയത് അദ്ദേഹത്തിന്റെ ഉന്നതമായ ചിന്തയാണ് വെളിവാക്കുന്നത്.
- ആരാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ?
ഇന്ത്യയുടെ 52-ാം ചീഫ് ജസ്റ്റിസാണ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ്. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനു ശേഷം ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെയാളാണ്. 1960 നവംബര്‍ 24 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജനനം. 1985 മാര്‍ച്ച് 16 മുതലാണ് അഭിഭാഷക വൃത്തിയിലേക്കു വരുന്നത്. മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന പരേതനായ ബാര്‍ രാജ എസ്. ബോണ്‍സാലെയോടൊപ്പം 1987 വരെ പ്രവര്‍ത്തിച്ചു. 1987 മുതല്‍ 1990 വരെ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990 ന് ശേഷം, പ്രധാനമായും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലാണ് പ്രാക്ടീസ് ചെയ്തത്.
ഭരണഘടനാ നിയമത്തിലും ഭരണ നിയമത്തിലും പ്രാക്ടീസ് ചെയ്തു. നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അമരാവതി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അമരാവതി സര്‍വകലാശാല എന്നിവയ്ക്ക് വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സലായിരുന്നു. സികോം, ഡിസിവിഎല്‍ തുടങ്ങിയ വിവിധ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും വിദര്‍ഭ മേഖലയിലെ വിവിധ മുനിസിപ്പല്‍ കൗണ്‍സിലുകള്‍ക്കും വേണ്ടി പതിവായി ഹാജരായി. 1992 ഓഗസ്റ്റ് മുതല്‍ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു. 2000 ജനുവരി 17 ന് നാഗ്പൂര്‍ ബെഞ്ചില്‍ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി.
2003 നവംബര്‍ 14 ന് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2005 നവംബര്‍ 12ന് ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. മുംബൈയിലെ പ്രിന്‍സിപ്പല്‍ സീറ്റിലും നാഗ്പൂര്‍, ഔറംഗാബാദ്, പനാജി എന്നിവിടങ്ങളിലെ ബെഞ്ചുകളിലും എല്ലാത്തരം നിയമനങ്ങളുമുള്ള ബെഞ്ചുകളുടെ അധ്യക്ഷനായിരുന്നു. 2019 മെയ് 24-ന് ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു. 2025 മെയ് 14-ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ, ഭരണഘടനാ, ഭരണ നിയമം, സിവില്‍ നിയമം, ക്രിമിനല്‍ നിയമം, വാണിജ്യ തര്‍ക്കങ്ങള്‍, ആര്‍ബിട്രേഷന്‍ നിയമം, വൈദ്യുതി നിയമം, വിദ്യാഭ്യാസ കാര്യങ്ങള്‍, പരിസ്ഥിതി നിയമം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന 700 ഓളം ബെഞ്ചുകളുടെ ഭാഗമായിരുന്നു.
നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിനും പൗരന്മാരുടെ മൗലികാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, നിയമപരമായ അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനുമുള്ള വിവിധ വിഷയങ്ങളില്‍ ഭരണഘടനാ ബെഞ്ച് വിധിന്യായങ്ങള്‍ ഉള്‍പ്പെടെ 300 ഓളം വിധിന്യായങ്ങള്‍ രചിച്ചിട്ടുണ്ട്. ഉലാന്‍ബാതര്‍ (മംഗോളിയ), ന്യൂയോര്‍ക്ക് (യുഎസ്എ), കാര്‍ഡിഫ് (യുകെ), നെയ്റോബി (കെനിയ) എന്നിവിടങ്ങളില്‍ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുത്തു. കൊളംബിയ യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ വിവിധ സര്‍വകലാശാലകളിലും സംഘടനകളിലും വിവിധ ഭരണഘടനാ, പാരിസ്ഥിതിക വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി. 2025 നവംബര്‍ 23ന് വിരമിക്കും.
CONTENT HIGH LIGHTS;This country does not belong to anyone’s family?: It belongs to the person who threw the shoe and to the Sanatana Dharma followers?; Has anti-Dalit sentiment reached its peak?; Who is Justice B.R. Gavai?
















