കുവൈത്ത് സിറ്റി: ഇറാനിൽ നിന്നുള്ള ‘യുറാനസ് സ്റ്റാർ’ എന്ന ബ്രാൻഡിന്‍റെ കുപ്പിവെള്ളത്തിന് കുവൈത്തിൽ വിലക്ക്. കുപ്പിവെള്ളത്തിൽ മലിനീകരണം കണ്ടെത്തിയതിനെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അടിയന്തര മുന്നറിയിപ്പ് നൽകി. മാർക്കറ്റിൽ നിന്ന് ഈ കുപ്പിവെള്ളം പിൻവലിച്ചു.
ഈ ഉൽപ്പന്നത്തിന്‍റെ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കൽ, ലബോറട്ടറി പരിശോധന, ഇറക്കുമതി താൽക്കാലികമായി നിരോധിക്കൽ എന്നിവ ഏർപ്പെടുത്തി. ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്താനും, ഉപേക്ഷിക്കാനോ അല്ലെങ്കിൽ തിരികെ നൽകാനോ, ഔദ്യോഗിക മാർഗങ്ങളിലൂടെ ഏതെങ്കിലും വിൽപ്പന നടന്നിട്ടുണ്ടെങ്കില്‍ റിപ്പോർട്ട് ചെയ്യാനും ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒമാനിൽ യുറാനസ് സ്റ്റാർ വെള്ളം കുടിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചതായാണ് റിപ്പോർട്ട് . ഈ ബ്രാൻഡിന്റെ ചില കുപ്പികളിൽ മലിനമായതായി ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇറാനിൽ നിന്നുള്ള ‘യുറാനസ് സ്റ്റാർ’ എന്ന ബ്രാൻഡിന്‍റെ കുപ്പിവെള്ളം പ്രാദേശിക വിപണികളിൽ നിന്ന് ഒഴിവാക്കിയതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളിൽ വിഷബാധയുണ്ടായതിനെത്തുടർന്ന് ചില അയൽ രാജ്യങ്ങളിലെ വിപണികളിൽ നിന്ന് ഈ ഉൽപ്പന്നം പിൻവലിച്ചിരുന്നു. ഈ ഉൽപ്പന്നം ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു.
















