കരാമ: പഞ്ചസാര അടങ്ങിയിരിക്കുന്ന മധുര പാനീയങ്ങളുടെ എക്സൈസ് നികുതിയിൽ മാറ്റം വരുത്താൻ യുഎഇ. ‘പഞ്ചസാര നികുതി’ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ വിൽക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളില്‍ പഞ്ചസാരയുടെ അളവ് കുറക്കനാണ് പുതിയ നടപടി.
യുഎഇയുടെ ധനകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച് പഞ്ചസാര ചേർത്ത മധുരമുള്ള പാനീയങ്ങളുടെ നിലവിലുള്ള ഫ്ലാറ്റ്-റേറ്റിന് പകരമായിരിക്കും പുതിയ നികുതി. പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിനസരിച്ച് കൂടുതല്‍ നികുതി ചുമത്താനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. ഇതോടെ മധുരം കൂടുതലുള്ള പാനീയങ്ങള്‍ക്ക് വിപണിയില്‍ വില വര്‍ധിക്കും.
എന്താണ് പഞ്ചസാര നികുതി?
യുഎഇയിൽ ഇതുവരെ ഇത്തരം ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം എക്സൈസ് നികുതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഇത് 100 മില്ലിയിലെ പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കിയുള്ള ഒരു ടയേർഡ് സിസ്റ്റം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. ഇതിന്റെ ഫലമായി പഞ്ചസാരയുടെ അളവ് കൂടുതലുള്ള പാനീയങ്ങൾക്ക് ഉയർന്ന നികുതി നിരക്കുകൾ ബാധകമാകും. അതേസമയം, എനർജി ഡ്രിങ്കുകൾക്ക് 100% നികുതി തുടരും.
ഈ നികുതി പ്രബാല്യത്തിൽ വരുന്നതോടെ ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാര കുറക്കുന്നതിനോ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്നതിനോ കമ്പനികള്‍ നിര്‍ബന്ധിതരാകും. എന്നാൽ നിലവിൽ വിപണിയിലുള്ള ഉല്‍പ്പന്നങ്ങളെ ഇത് ബാധിക്കില്ല. കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ രീതി മാറ്റുന്നതിന് സമയം ആവശ്യമുള്ളതിനാലാണ് പുതിയ നികുതി അടുത്ത വര്‍ഷം ആദ്യം വരെ നീട്ടിവെക്കുന്നതെന്ന് യു.എ.എ ധനകാര്യ മന്ത്രാലയവും ഫെഡറല്‍ ടാക്‌സ് അതോറിറ്റിയും വ്യക്തമാക്കിയട്ടുണ്ട്.
















