ഗാസ യുദ്ധം ആരംഭിച്ച് രണ്ട് വർഷം പിന്നിടുകയാണ്. യുദ്ധത്തിന് ഇസ്രയേലിന് സഹായം നൽകുന്നത് അമേരിക്കയാണെന്നത് ഒരു അരമന രഹസ്യം മാത്രമാണ്. ഗാസയിലെ മനുഷ്യക്കുരുതിയ്ക്കെല്ലാം ട്രംപിന്റെ ഒത്താശയുണ്ടെന്നതാണ് സത്യം. അമേരിക്ക ഇതുവരെ ഇസ്രായേലിന് നൽകിയത് 21.7 ബില്യണിന്റെ ധനസഹായമാണെന്ന വാർത്ത കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കയാണ്.ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാർഷികമായ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ അക്കാദമിക് പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബ്രൗൺ യൂണിവേഴ്സിറ്റിയിലെ വാട്സൺ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സിലെ കോസ്റ്റ്‌സ് ഓഫ് വാർ പ്രോജക്റ്റ് പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മിഡിൽ ഈസ്റ്റിലെ സുരക്ഷയ്ക്കായി യുഎസ് ഏകദേശം 10 ബില്യൺ യുഎസ് ഡോളർ കൂടി ചെലവഴിച്ചതായി പറയുന്നു.ഗാസ യുദ്ധം ആരംഭിച്ച് ആദ്യ വർഷത്തിൽ അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിന് 17.9 ബില്യൺ യുഎസ് ഡോളറും രണ്ടാം വർഷത്തിൽ 3.8 ബില്യൺ യുഎസ് ഡോളറും നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗാസയിലെ വീടുകൾ ഇടിച്ചുനിരത്തുന്നത് തുടർന്ന് ഇസ്രയേൽ. എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഭരണം കൈമാറാമെന്നും ഹമാസ് അറിയിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നതുമാണ്. പിന്നാലെയാണ് വീടുകൾ ഇടിച്ചു നിരത്തുന്നത് ഇസ്രയേൽ സൈന്യം തുടരുന്നത്. ടാങ്കുകൾ ഉപയോഗിച്ചാണ് വീടുകൾ തകർക്കുന്നതെന്നും ആക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഗാസയുടെ അധികാരത്തിൽ തുടരാൻ ശ്രമിച്ചാൽ ഹമാസിന് സർവനാശമാകും ഫലമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഗാസ സമാധാന ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ഈജിപ്തിലെ ഷറം അൽ ശൈഖിൽ വെച്ചാണ് ചർച്ച. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനെ പ്രതിനിധീകരിക്കുന്നത്. അമേരിക്കയും ചർച്ചയിൽ പങ്കെടുക്കും. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ചർച്ച. 20 ഇന നിർദേശങ്ങൾ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു
















