നടൻ ദുൽഖർ സൽമാൻ്റെ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ നൽകുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്. ദുൽഖറിൻ്റെ അപേക്ഷയിൽ കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് കോടതി അറിയിച്ചു.
വാഹനം വിട്ടുനൽകാൻ കസ്റ്റംസ് കമ്മിഷണർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടൻ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപോർട്ട് നൽകാത്തതിനെ തുടർന്ന് മാറ്റുകയായിരുന്നു. പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ വാഹനം വിട്ടുകിട്ടുന്നതിനായി നൽകിയ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നൽകി. അപേക്ഷ തള്ളുകയാണെങ്കിൽ ആ വിവരം ഉത്തരവായി ഇറക്കണമെന്നും കോടതി നിർദേശം നൽകുകയുണ്ടായി.
ദുൽഖറിൻ്റെ വാഹനം കള്ളക്കടത്ത് വസ്തുവാണെന്ന് സംശയമുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. രഹസ്യാന്വേഷണ വിവരങ്ങളുടേയും ബോധ്യത്തിൻ്റെയും അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും, ഉടമസ്ഥാവകാശം സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്നും കസ്റ്റംസ് അറിയിച്ചു. ദുൽഖറിൻ്റെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും, വിദേശത്തുനിന്ന് കടത്തിയ വാഹനമാണിതെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു.
ദുൽഖർ ആദ്യം സമീപിക്കേണ്ടത് കസ്റ്റംസ് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ്, നേരിട്ട് ഹൈക്കോടതിയെ സമീപിച്ച നടപടി നിലനിൽക്കില്ലെന്നും കസ്റ്റംസ് വാദിച്ചു. ദുൽഖറിൽനിന്ന് മറ്റ് രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തുവെന്നും, ആ നടപടി അദ്ദേഹം ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. നിയമവിരുദ്ധമാണെങ്കിൽ വാഹനം പിടിച്ചെടുക്കാൻ അധികാരമുണ്ടെന്ന് കസ്റ്റംസ് നിലപാടെടുത്തു. വിശദീകരണം നൽകാൻ ദുൽഖർ സൽമാന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും, വ്യാജരേഖ ഉപയോഗിച്ചാണ് ചില വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കസ്റ്റംസ് അറിയിച്ചു.
ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, വാഹനക്കടത്തിൻ്റെ ഗൂഢാലോചനയും സ്വഭാവവും പരിശോധിക്കാനുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. അതേസമയം, ഹർജി പരിഗണിക്കുന്നതിനിടെ അന്വേഷണത്തിനായി ദുൽഖറിൻ്റെ വാഹനം കസ്റ്റഡിയിൽ അനിവാര്യമാണോയെന്ന് ഹൈക്കോടതി കസ്റ്റംസിനോട് ചോദിച്ചു. രേഖകളുടെ അടിസ്ഥാനത്തിലല്ലേ അന്വേഷണം എന്നും കോടതി ആരാഞ്ഞു. ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തി വാഹനം പിടിച്ചെടുത്തതെന്നായിരുന്നു ഇതിന് കസ്റ്റംസിൻ്റെ മറുപടി.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ആഡംബര വാഹനങ്ങൾ നികുതി വെട്ടിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതിനെതിരെ കസ്റ്റംസും മോട്ടോർ വാഹന വകുപ്പും (എംവിഡി) സംയുക്തമായി നടത്തുന്ന ഊർജിത അന്വേഷണങ്ങളുടെ ഭാഗമായാണ് നടൻ ദുൽഖർ സൽമാൻ്റെ വാഹനം പിടിച്ചെടുത്തത്. അനധികൃതമായി രജിസ്റ്റർ ചെയ്ത നിരവധി വാഹനങ്ങൾ സംബന്ധിച്ച് കസ്റ്റംസ് ഇൻ്റലിജൻസിന് വിവരങ്ങൾ ലഭിച്ചിരുന്നു. വ്യാജരേഖകൾ ചമച്ച്, ചില കേസുകളിൽ പുതുച്ചേരി പോലുള്ള സംസ്ഥാനങ്ങളിലെ വ്യാജ വിലാസങ്ങൾ ഉപയോഗിച്ചാണ് ഉയർന്ന നികുതി ഒഴിവാക്കി വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനക്കടത്ത് ശൃംഖലയിൽ വൻകിട റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും കസ്റ്റംസ് സംശയിക്കുന്നു.
പിടിച്ചെടുത്ത ഡിഫൻഡർ വാഹനം വിദേശത്തുനിന്ന് കള്ളക്കടത്തായി എത്തിയതാണോ, കസ്റ്റംസ് തീരുവ അടക്കാതെയാണ് രജിസ്റ്റർ ചെയ്തതാണോ എന്നതിലാണ് നിലവിൽ പ്രധാനമായും അന്വേഷണം നടക്കുന്നത്. ഈ കേസിൽ മറ്റ് ചില പ്രമുഖരുടെ വാഹനങ്ങൾക്കെതിരെയും കസ്റ്റംസ് നടപടിയെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ പ്രമുഖ സിനിമാതാരങ്ങളുടേതുൾപ്പെടെ നിരവധി ആഡംബര വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയും ഉടമകൾക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഈ ആഡംബര വാഹന ഉടമകളിൽ പലരും, കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി കോടതികളെ സമീപിച്ചിരുന്നു.
















