വിശപ്പ് കാർന്ന് തിന്ന കുഞ്ഞുങ്ങൾ, മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങളും വേർതിരിച്ചറിയാനാവാതെ കുന്നുകൂടി കിടക്കുന്ന നഗരങ്ങൾ, വിശപ്പിന്റേയും മരണത്തിന്റേയും വരവ് പ്രതീക്ഷിച്ചിരിക്കുന്ന ചില ജീവനുകളും ഇതാണ് ഇന്ന് ഗാസ.ചെയ്യാത്ത തെറ്റുകള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ഈ മനുഷ്യര്‍ ഇന്ന് ലോകത്തിന്റെ ദുഖമാണ്.
2023 ഒക്ടോബർ 7-ൽ തുടങ്ങിയ യുദ്ധം രണ്ടാണ്ടിനോട് അടുക്കുമ്പോഴും ഗാസയിലെ കണ്ണീര് അടങ്ങിയിട്ടില്ല.യുദ്ധം കവർന്നത് 19,424 കുട്ടികളുടെ പ്രാണനാണ്. വീടും സ്കൂളുമെടുത്തതിനൊപ്പം അവരുടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശം പോലും നിഷേധിക്കപ്പെട്ടു.പരിക്കേറ്റവരുടെ കണക്ക് അരലക്ഷത്തിലേറെയാണ്. അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ട 39,384 കുട്ടികളുണ്ട്.അതിൽത്തന്നെ 17,000 കുട്ടികൾക്ക് ഇരുവരും നഷ്ടപ്പെട്ടു. അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ 100 ശതമാനവുംപോഷകാഹാരക്കുറവ് നേരിടുന്നെന്നാണ് യൂണിസെഫിന്റെ കണക്ക്. കാരണം ഇവരിൽ ഭൂരിഭാഗവും യുദ്ധംതുടങ്ങിയശേഷമുള്ള വറുതി ക്കാലത്ത് ജനിച്ചവരാണ്. മക്കൾ വിശന്ന് നിലവിളിക്കുമ്പോഴും ഒന്നുംചെയ്യാനാവാതെ നോക്കിനിൽക്കേണ്ടി വരുന്ന മാതാപിതാക്കളാണ് ഇവിടെ..ഇതൊന്നും പോരാതെ യുദ്ധം നൽകിയ മാനസീക പിരിമുറുക്കം വേറേയും…
2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണത്തോടെയാണ് ഗാസ യുദ്ധം ആരംഭിക്കുന്നത്. ഹമാസും മറ്റ് പലസ്തീൻ സായുധ ഗ്രൂപ്പുകളും ഇസ്രായേലിൻ്റെ തെക്കൻ മേഖലകളിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും,1,200ഓളം പേരെ കൊല്ലുകയും 250ൽ അധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഇസ്രായേൽ പ്രഖ്യാപിച്ച സൈനിക നടപടികളാണ് കഴിഞ്ഞ രണ്ട് വർഷമായി തുടരുന്നത്.
കനത്ത വ്യോമാക്രമണങ്ങൾക്ക് ശേഷം ഇസ്രയേൽ സൈന്യം കരമാർഗം ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു. ഗാസയുടെ വടക്കൻ മേഖല പ്രത്യേകിച്ച് ഗാസ സിറ്റി ഇസ്രയേലിന്റെ നിയന്ത്രണത്തിലായി. വർഷങ്ങളായി തുടരുന്ന യുദ്ധത്തിന്റെ ഫലമായി രോഗങ്ങൾ, പട്ടിണി, കുടിവെള്ളത്തിൻ്റെയും വൈദ്യുതിയുടെയും അഭാവം എന്നിവ കാരണം ഗാസ ഭീകരമായ മാനുഷിക ദുരന്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പലസ്തീൻ ജനസംഖ്യയുടെ ഭൂരിഭാഗവും വടക്ക് നിന്ന് തെക്കൻ ഗാസയിലെ റഫയിലേക്ക് പലായനം ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾ അംഗഭംഗം സംഭവിച്ച പ്രദേശമായി ഗാസ മാറി.
ഖത്തർ, ഈജിപ്ത്, യു.എസ്. എന്നിവയുടെ മധ്യസ്ഥതയിൽ നിരവധി വെടിനിർത്തൽ ചർച്ചകൾ നടന്നു. ബന്ദി കൈമാറ്റങ്ങൾ ഒഴികെ, ശാശ്വത സമാധാനം കൊണ്ടുവരാൻ ഈ ചർച്ചയ്ക്ക് കഴിഞ്ഞില്ല. യുദ്ധം നീണ്ടുപോയതോടെ ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങൾ ശക്തമായി. ബന്ദികളെ മോചിപ്പിക്കുന്നതിൻ്റെ ഭാഗമായി ഹമാസുമായി ഒരു കരാറുണ്ടാകാത്തതിനെത്തുടർന്ന്, ഇസ്രായേൽ റഫായിലും കരയാക്രമണം ആരംഭിച്ചു. ഇവിടെ അഭയം തേടിയിരുന്ന ദശലക്ഷക്കണക്കിന് പലസ്തീനികൾ വീണ്ടും പലായനം ചെയ്യേണ്ടി വന്നു.
ആദ്യ ദിവസങ്ങളിൽ ഇസ്രായേൽ ഗാസയ്ക്ക് നേരെ ലക്ഷ്യമിട്ടുള്ള കനത്ത വ്യോമാക്രമണം നടത്തി. ഇത് ഗാസയുടെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുകയും വൻതോതിൽ പലസ്തീനികളുടെ മരണത്തിന് കാരണമാവുകയും ചെയ്തു.
ഒക്ടോബർ അവസാനത്തോടെ ഇസ്രായേൽ സൈന്യം ഗാസ മുനമ്പിൻ്റെ വടക്കൻ മേഖലയിലേക്ക് കരമാർഗം പ്രവേശിച്ചു. ഹമാസിൻ്റെ തുരങ്കശൃംഖലകൾ നശിപ്പിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഖത്തർ, ഈജിപ്ത്, യു.എസ്. എന്നിവയുടെ മധ്യസ്ഥതയിൽ ഒരാഴ്ച നീണ്ട താത്കാലിക വെടിനിർത്തലുണ്ടായി. ഇതിൽ ഹമാസ് ചില ഇസ്രായേലി ബന്ദികളെ വിട്ടയക്കുകയും പകരം ഇസ്രായേൽ പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.
വെടിനിർത്തലിന് ശേഷം യുദ്ധം പുനരാരംഭിക്കുകയും ഇസ്രായേൽ സൈന്യം ഖാൻ യൂനിസ് പോലുള്ള പ്രധാന നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഗാസയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും അഭയം തേടി റഫയിലേക്ക് പലായനം ചെയ്തതോടെ അവിടെ ജനസാന്ദ്രത അനിയന്ത്രിതമായി വർദ്ധിച്ചു. ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും മരുന്നുകളുടെയും കടുത്ത ക്ഷാമം കാരണം ഗാസയിൽ പട്ടിണി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മരണനിരക്ക് വർദ്ധിച്ചതോടെ ഇസ്രായേലിനുമേൽ അന്താരാഷ്ട്ര തലത്തിൽ ശക്തമായ സമ്മർദ്ദം ഉയർന്നു. ഐക്യരാഷ്ട്രസഭയിലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലും ഇസ്രായേലിനെതിരെ കേസുകൾ വന്നു. അന്താരാഷ്ട്ര മുന്നറിയിപ്പുകൾ അവഗണിച്ച്, 2024 മെയ് മാസത്തിൽ ഇസ്രായേൽ സൈന്യം റഫാ ക്രോസിംഗിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും റഫായിൽ ആക്രമണം തുടങ്ങുകയും ചെയ്തു. ഇത് മാനുഷിക സഹായം തടസ്സപ്പെടുത്തുകയും കൂടുതൽ കൂട്ടപ്പലായനത്തിന് കാരണമാവുകയും ചെയ്തു.
ഇന്ന് രണ്ട് വർഷം പിന്നിടുമ്പോൾഗാസ മുനമ്പിൻ്റെ 75 ശതമാനം പ്രദേശവും തകർന്നു. പതിനായിരക്കണക്കിന് പലസ്തീനികൾ കൊല്ലപ്പെടുകയും ഒന്നര ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പക്ഷെ ഹമാസിനെ പൂർണ്ണമായും നശിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഇസ്രയേൽ പരാജയപ്പെട്ടു.
ഗാസയിലെ വിനാശകരമായ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് തയാറാക്കിയ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇസ്രയേൽ, ഹമാസ് ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ പരോക്ഷ ചർച്ചകൾ നടത്തുമെന്ന് റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, ഹമാസിൻ്റെ നിരായുധീകരണം, ഇസ്രയേലിൻ്റെ ആവശ്യങ്ങൾ, ഗാസയുടെ ഭാവി ഭരണം എന്നിവയുൾപ്പെടെ നിരവധി പദ്ധതിയെക്കുറിച്ചും മറ്റുമുള്ള ചർച്ചകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ഗാസയിലെ സമാധാന കരാർ തീരുമാനം ആയാൽ വിശാലമായ മിഡിൽ ഈസ്‌റ്റ് സമാധാന പ്രക്രിയയ്ക്ക് വഴിതുറക്കുമെന്നും മേഖലയെ പുനർനിർമിക്കാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ബോംബാക്രമണം നിർത്തണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 പേർ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഈജിപ്‌തിൽ നടക്കുന്ന ചർച്ചകൾ പെട്ടെന്ന് തന്നെ അന്തിമ തീരുമാനത്തിൽ എത്താൻ സാധ്യതയുണ്ട്. പരമാവധി കുറച്ച് ദിവസങ്ങൾ മാത്രമേ ചർച്ചകൾ നീണ്ടുനിൽക്കൂ എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നിരുന്നാലും, അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമായി വരുമെന്ന് ചില ഹമാസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമാധാന ചർച്ചകൾക്കിടയിലും ഗാസയുടെ മണ്ണിൽ നിന്ന് ഉ ആയിരക്കണക്കിന് കുടുംബങ്ങളുടെ നിലയ്ക്കാത്ത തേങ്ങലുകൾ ഉയരുന്നു. സമീപ ദശകങ്ങളിലെ ഏറ്റവും വിനാശകരമായ ഈ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ നിർദ്ദേശങ്ങളുമായി ഇസ്രയേലും ഹമാസും ചർച്ചകൾ നടത്തുമ്പോഴും, യുദ്ധം വിഴുങ്ങിയ തങ്ങളുടെ കാണാതായ പ്രിയപ്പെട്ടവരെ തേടി ആയിരങ്ങൾ ഇപ്പോഴും അലയുകയാണ്. സംഘർഷം ആരംഭിച്ച് 700 ദിവസത്തിലേറെയായിട്ടും, തകർന്നുപോയ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലും കൂട്ടക്കുഴിമാടങ്ങളുടെ നിഴലുകളിലും അവർ ഉത്തരങ്ങൾക്കായി കണ്ണീരോടെ കാത്തിരിക്കുന്നു.
















