പ്രമേഹമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ പ്രമേഹ നിയന്ത്രണത്തിന് വളരെ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് കുറച്ച്, അവയ്ക്കു പകരം കൂടുതൽ പ്രോട്ടീൻ കഴിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുമെന്ന് മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷന്റെ പ്രസിഡന്റ് ഡോ. ആർ.എം.അഞ്ജന പറഞ്ഞു.
ധാന്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അവർ ഒരു പഠനം നടത്തിയിരുന്നു. ദേശീയ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്–ഇന്ത്യ ഡയബറ്റിസ് (ICMR-INDIAB) സർവേയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് അവർ ഇന്ത്യക്കാരുടെ ഭക്ഷണക്രമവും ഐസോകലോറിക് ഡയറ്റിന്റെ ഫലവും പരിശോധിച്ചത്. 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 1,21,077 മുതിർന്നവരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്.
“വെളുത്ത അരിയോ ഗോതമ്പ് മാവോ ഉൾപ്പെടെയുള്ള കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതും ഗുണനിലവാരമില്ലാത്ത പ്രോട്ടീനുള്ളതുമായ സാധാരണ ഇന്ത്യൻ ഭക്ഷണക്രമം ദശലക്ഷക്കണക്കിന് ആളുകളെ അപകടത്തിലാക്കുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി. വെളുത്ത അരിയിൽ നിന്ന് ഗോതമ്പിലേക്കോ മില്ലറ്റിലേക്കോ മാറിയതുകൊണ്ട് മാത്രം പോരാ, മൊത്തം കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയുകയും സസ്യ അല്ലെങ്കിൽ പാലുൽപ്പന്ന പ്രോട്ടീനുകളിൽ നിന്ന് കൂടുതൽ കാലറി ലഭിക്കുകയും വേണം,” ഡോ.അഞ്ജന വ്യക്തമാക്കി.
















