രാമേശ്വരം തുറമുഖത്ത് നിന്ന് ഞായറാഴ്ച പുറപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വലയിൽ ഓർ മത്സ്യം കുടുങ്ങി. കടലിന്റെ അടിത്തട്ടിൽ മാത്രം കാണപ്പെടുന്ന ഈ അപൂർവ്വ മത്സ്യം ഡൂംസ് ഡേ ഫിഷെന്ന ചെല്ലപ്പേരിലാണ് അറിയപ്പെടുന്നത്. മത്സ്യത്തൊഴിലാളികൾ മാന്നാർ ഉൾക്കടലിൽ നിന്ന് മടങ്ങുമ്പോഴാണ് ഈ മത്സ്യം വലയിൽ കുടുങ്ങിയത്. ഇവക്ക് പാമ്പിനോട് സാദൃശ്യമുള്ള നീണ്ട ശരീരവും ഓറഞ്ച് നിറമുള്ള ചിറകുകളും ഉണ്ടാകും. സാധാരണയായി കടലിന്റെ ആഴങ്ങളിൽ (3,300 അടി വരെ) ഇവയെ കാണാം. ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിയുന്ന ജീവികളാണിവയെന്ന് വിശ്വസിക്കപ്പെടുന്നു.
ഓർ മത്സ്യം എന്നത് ലോകത്തിലെ ഏറ്റവും നീളമുള്ള എല്ലുള്ള മത്സ്യമാണ്. സാധാരണയായി ആഴക്കടലിലാണ് ഇവ ജീവിക്കുന്നത്. ഇവ കരയിലെത്തുന്നത് ദുരന്തങ്ങളുടെ സൂചനയായി ചില രാജ്യങ്ങളിൽ കണക്കാക്കപ്പെടുന്നു. അതായത്, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം തുടങ്ങി പ്രകൃതി ദുരന്തങ്ങൾ സംഭവിക്കാൻ ഇടയിലുള്ള അവസരങ്ങളിലാണ് ഇവ കരയിലെത്തുന്നത് എന്നാണ് വിശ്വാസം. 2011-ലെ ജപ്പാനിലെ ഫുകുഷിമ സുനാമിക്ക് മുമ്പ് ഓർ മത്സ്യങ്ങൾ തീരത്തടിഞ്ഞത് ഇതിനൊരു കാരണമാണ്, എന്നാൽ ഇതിന് ശാസ്ത്രീയമായ തെളിവുകളില്ല.
തമിഴ്‌നാട്ടിലും മെക്സിക്കോയിലും ഓർ മത്സ്യങ്ങൾ അടുത്തിടെ കരയിലെത്തിയതും ഇത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായതും ശ്രദ്ധേയമാണ്. ഈ വർഷം ജൂണിലും ഇത്തരത്തിൽ ഓർ മത്സ്യം തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വയറലായിരുന്നു.
















