ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലം സ്വദേശിയായ ആര്‍ രാജേന്ദ്രനാണ് ഹര്‍ജി നല്‍കിയത്. സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള ആളുകള്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്നാണ് കൊല്ലം സ്വദേശിയുടെ ഹര്‍ജിയിലെ ഒരു ആവശ്യം. ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കുന്ന സ്റ്റോര്‍ റൂമിന്റെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. കിലോക്കണക്കിന് സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്നും സിബിഐയോട് അന്വേഷിക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘമാണ് സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണം നടത്തിവരുന്നത്.1999 ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ 2019 ല്‍ എങ്ങനെ ചെമ്പായി എന്ന ചോദ്യം പലതവണ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ മഹസറില്‍ അത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും 42 കിലോ ഉണ്ടായിരുന്ന സ്വര്‍ണം 32 കിലോ ആയി മാറുമ്പോള്‍ അത് ആവിയായി പോകാന്‍ പെട്രോള്‍ ആണോ എന്ന വിമര്‍ശനവും കോടതി ഉയര്‍ത്തിയിരുന്നു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം ബോര്‍ഡും സ്വാഗതം ചെയ്തിരുന്നു.
STORY HIGHLIGHT : plea seeking cbi probe in sabarimala gold controversy
















