ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വീട്ടുടമസ്ഥര്‍ക്ക് കെട്ടിട നികുതിയില്‍ അഞ്ച് ശതമാനം ഇളവ് അനുവദിക്കും. ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. 2025ലെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ 26 ശതമാനം വീടുകളിലാണ് നിലവില്‍ ഉറവിട ജൈവ മാലിന്യ സംസ്‌കരണ സംവിധാനമുള്ളത്.
ഇത് മുഴുവന്‍ വീടുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഇളവ്. വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച് മാലിന്യ സംസ്‌കരണം നടത്തുന്നവര്‍ക്ക് കെട്ടിട നികുതിയില്‍ 5 ശതമാനം ഇളവ് നല്‍കും. ശുചിത്വ മിഷന്‍ അംഗീകരിച്ചിട്ടുള്ള ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളില്‍ ഏതെങ്കിലും സ്ഥാപിച്ചവര്‍ക്കാണ് അനുമതി. ഇതിനായി വീട്ടുടമ കെ. സ്മാര്‍ട്ട് വഴി അപേക്ഷ നല്‍കണം.
വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നാകും ഒരു വര്‍ഷത്തേക്ക് നികുതി ഇളവ് നല്‍കുക. മാലിന്യമുക്ത നവകേരളത്തിന്റെ കൂടി ഭാഗമായാണ് നിര്‍ണായക തീരുമാനം. നികുതിയിളവ് നല്‍കിക്കൊണ്ട് പരമാവധി വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കാനാണ് തദ്ദേശ വകുപ്പ് ലക്ഷ്യമിടുന്നത്.
STORY HIGHLIGHT : 5% discount on building tax for houses with source-based waste management system
















