നിർമിതബുദ്ധിയുടെ സഹായത്തോടെ എന്തിനും ഒരു ഉത്തരം കണ്ടെത്തുന്ന തലമുറയാണിന്നുള്ളത്. അവർക്ക് മറ്റാര് പറയുന്നതിനേക്കാളും വിശ്വാസവും ഇതാണ് എന്നതാണ് സത്യം. ഇപ്പോഴിതാ 20 വർഷം കഴിഞ്ഞാൽ നിങ്ങൾക്ക് എന്തൊക്കെ രോഗങ്ങൾ പിടിപെട്ടേക്കാമെന്നറിയാനുള്ള
ഒരു നിർമിതബുദ്ധി മാതൃക വികസിപ്പിച്ചിരിക്കുകയാണ് യൂറോപ്പിലെ ഗവേഷകർ.
‘ഡെൽഫി 2എം’ എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്. 1000 രോഗങ്ങൾവരെ ഇതുവഴി പ്രവചിക്കാനാവും. രോഗിയുടെ ആരോഗ്യറിപ്പോർട്ട് വിശകലനം ചെയ്താവും ഇതിന്റെ പ്രവർത്തനം. ബ്രിട്ടനിലെ യുകെ ബയോബാങ്കിൽനിന്നു ശേഖരിച്ച അഞ്ചുലക്ഷം പേരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് നിർമിതബുദ്ധിയെ പരിശീലിപ്പിച്ചത്. ഹൃദയാഘാതംപോലുള്ള രോഗങ്ങൾ ശരിയായി പ്രവചിക്കാനായി.
നിലവിൽ ഇത് പ്രവർത്തനസജ്ജമല്ല. കൃത്യതയും മറ്റും തുടർച്ചയായി പഠനവിധേയമാക്കിയതിന് ശേഷം ഭാവിയിൽ ആരോഗ്യമേഖലയ്ക്ക് സഹായകമാവുമെന്നാണ് വിലയിരുത്തൽ. ബ്രിട്ടൻ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകസംഘമാണ് ഇതുസംബന്ധിച്ച പഠനം നെയ്‌ചർ ജേണലിൽ പ്രസിദ്ധീകരിച്ചത്.
















