പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ഉയര്‍ന്ന ചികിത്സാപ്പിഴവ് ആരോപണത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കെജിഎംഒഎ. ഒക്ടോബര്‍ 14ന് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും ഒപി ബഹിഷ്‌കരിക്കാനാണ് ഡോക്ടേഴ്‌സിന്റെ തീരുമാനം. 13ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒപി ബഹിഷ്‌കരിക്കുമെന്നും കെജിഎംഒഎ അറിയിച്ചിട്ടുണ്ട്. നാളെ കരിദിനം ആചരിക്കാനും സംഘടന തീരുമാനിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 9 വയസുകാരിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തില്‍ ഡിഎംഒ രണ്ട് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഡോക്ടേഴ്‌സിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നായിരുന്നു കണ്ടെത്തിയിരുന്നത്.
കുട്ടിയ്ക്ക് ആദ്യഘട്ടത്തില്‍ തന്നെ മതിയായ ചികിത്സ നല്‍കിയെന്ന് കണ്ടെത്തിയിട്ടും അകാരണമായി രണ്ട് ഡോക്ടേഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കുറ്റക്കാരെന്ന് കണ്ടെത്താതെ ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നു. ഏത് അന്വേഷണവും നേരിടാന്‍ ഡോക്ടേഴ്‌സ് തയ്യാറാണെന്നും അന്വേഷിച്ച് തെറ്റ് കണ്ടെത്തിയാല്‍ നടപടിയെടുക്കുന്നതല്ലേ ഉചിതമെന്നും ഡോക്ടര്‍മാരുടെ സംഘടന ചോദിക്കുന്നു.
STORY HIGHLIGHT : kgmoa will boycott OP in Palakkad district
















