മൃഗങ്ങളെപ്പോലെ നാലുകാലിൽ നടന്നും ഓടിയും പരിശീലിക്കുന്ന ഒരു യുവതിയെക്കുറിച്ചാണ് ഈ വാർത്ത. ഇൻഫ്ലുവൻസറും ബെൽജിയൻ ഡോക്യുമെന്ററി ഫിലിം നിർമാതാവുമായ അലക്‌സിയ ക്രാഫ്റ്റ് ഡീ ലാ സോക്‌സ് (Alexia Kraft de la Saulx) കഴിഞ്ഞ മൂന്ന് വർഷമായി ഈ അപൂർവമായ പരിശീലനരീതി പിന്തുടരുകയാണ്. കൈകളും കാലുകളും ഒരുപോലെ ഉപയോഗിച്ച് മൃഗങ്ങളെപ്പോലെ സഞ്ചരിക്കുന്ന ഈ രീതിക്ക് അവർ നൽകിയ പേര് ‘ടാർസൻ മൂവ്മെന്റ്’ എന്നാണ്.
എന്താണ് ‘ടാർസൻ മൂവ്മെന്റും’ ക്വാഡ്‌റോബിക്‌സും?
അലക്‌സിയ ഈ നടത്തത്തെ വിശേഷിപ്പിക്കുന്നത് ‘ടാർസൻ മൂവ്മെന്റ്’ എന്നാണ്. മനുഷ്യന്റെ പൂർവികർ ഇങ്ങനെ നാലുകാലിൽ നടന്നിരിക്കാമെന്നും, ആ വേരുകളെയും പൂർവികരുമായുള്ള ബന്ധത്തെയും കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനാണ് താൻ ഇത് ചെയ്യുന്നതെന്നുമാണ് അലക്‌സിയ പറയുന്നത്.
ഇങ്ങനെ കൈകളും കാലുകളും ഉപയോഗിച്ച് നടക്കുന്നതിനോ ചലിക്കുന്നതിനോ ഉള്ള പരിശീലന രീതിക്ക് പൊതുവെ പറയുന്ന പേരാണ് ‘ക്വാഡ്‌റോബിക്‌സ്’ (Quadroobics). ഈ രീതിയിൽ പരിശീലിക്കുന്ന നിരവധിപേർ ലോകത്തുണ്ട്.
കാടുകളിലും കുന്നുകളിലും മലകളിലും ചിമ്പാൻസികളെപ്പോലെയോ കുരങ്ങുകളെപ്പോലെയോ നാലുകാലിൽ നടക്കുന്നതിന്റെയും ഓടുന്നതിന്റെയും ദൃശ്യങ്ങൾ അലക്‌സിയ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുണ്ട്. 1,84,000-ലധികം ഫോളോവേഴ്‌സാണ് അലക്‌സിയയ്ക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്.
കുട്ടിയായിരിക്കുമ്പോൾ പ്രകൃതിയുമായി അടുപ്പം വേണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും നഗരത്തിലേക്ക് മാറിയപ്പോൾ അത് സാധിക്കാതെ വന്നതിനെക്കുറിച്ചും അലക്‌സിയ പറയുന്നു. നിലവിൽ അവർ നാലുകാലിൽ നടക്കുക മാത്രമല്ല, ‘ക്വാഡ്‌റോബിക്‌സ്’ പരിശീലിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്
















