ദേവസ്വം ബോര്‍ഡ് സംവിധാനം പിരിച്ചുവിടണമെന്നും ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇടത് വലത് സര്‍ക്കാരുകള്‍ ശബരിമലയെ കൊള്ളയടിച്ചുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്. സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇതില്‍ പങ്കുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ആരാധനാ ഭരണ സ്വാതന്ത്ര്യം വേണമെന്നും അത് വിട്ടുതരാന്‍ സര്‍ക്കാരുകള്‍ മടിക്കുന്നതെന്തിനെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.
ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളെ ഭയിക്കാന്‍ നിയുക്തരാകുന്നത് രാഷ്ട്രീയ പരിഗണനവച്ച് മാത്രമാണ്. അവിടെ ഭക്തരുടെ വികാരം പരിഗണിക്കാറില്ല. അയ്യപ്പസംഗമത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസും ബിജെപിയും ഹിന്ദുക്കളെ വഞ്ചിച്ചവരാണ്. സര്‍ക്കാര്‍ എന്തിനാണ് ഹിന്ദുക്കളുടെ ക്ഷേത്രം ഭരിക്കുന്നതെന്ന് ഇരുപാര്‍ട്ടികളും പറയണം. ഇത് വ്യവസ്ഥിതിയുടെ തകരാറാണ്. അതില്‍ മാറ്റം വരണം. ദേവസ്വം നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ബിജെപി സജീവമായി സമരങ്ങള്‍ ചെയ്യുന്നില്ല എന്ന വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്നും ഇന്നലെയും നാളെയും ബിജെപി സമരത്തിലാണെന്നായിരുന്നു കുമ്മനം രാജശേഖരന്റെ മറുപടി. ഈ വിഷയത്തില്‍ ബിജെപിയെ ചിലര്‍ കുറ്റപ്പെടുത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. ബിജെപി എന്ത് ചെയ്യണമെന്ന് ബിജെപിയാണ് തീരുമാനിക്കുന്നതെന്നും അതാരും പറഞ്ഞ് തരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHT : kummanam rajasekharan on sabarimala gold row
















