തിരുവനന്തപുരം: ശബരിമലയിലെ സ്വർണ മോഷണത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം. ദേവസ്വം വിജിലൻസ് അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കാനിരിക്കെ, കൂടുതൽ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. വിഷയത്തിൽ രാഷ്ട്രീയ പ്രതിഷേധങ്ങളും ശക്തമായി തുടരുകയാണ്. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ഇന്നും പ്രക്ഷുബ്ധമാക്കിയേക്കും. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ, ദേവസ്വം വിജിലൻസും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് വിജിലൻസ്. ഇതിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്യും. മുൻ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഈ നടപടി ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സഭാ നടപടികൾ തടസപ്പെടുന്നതിനിടെ ഇന്ന് രാവിലെ കക്ഷി നേതാക്കൾ അംഗങ്ങളായ കാര്യോപദേശക സമിതി വിളിച്ചിട്ടുണ്ട്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനോ പുതിയ നിർദ്ദേശങ്ങൾ എന്തെങ്കിലും അവതരിപ്പാക്കുന്നതിനോ വേണ്ടിയാണ് കാര്യോപദേശക സമിതി വിളിച്ചതെന്നാണ് സൂചന.
അതേസമയം ശബരിമല സ്വർണ മോഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഇന്ന് പ്രതിഷേധം ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ പത്ത് മണിക്ക് മ്യൂസിയം പോലീസ് സ്‌റ്റേഷൻ പരിസരത്തു നിന്നാരംഭിക്കുന്ന മാർച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സ്വർണ്ണ മോഷണം സിബിഐ അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
















