എറണാകുളം: കോതമംഗലത്ത് 17കാരനായ വിദ്യാർഥിയെ പെൺസുഹൃത്തിന്റെ പിതാവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. വാരപ്പെട്ടി ഇളങ്ങവം സ്വദേശിയായ 17 കാരനാണ് മർദമേറ്റത്. പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിലാണ്. സംഭവത്തിൽ മര്‍ദനത്തിന് നേതൃത്വം നൽകിയ പെണ്‍കുട്ടിയുടെ പിതാവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവും സുഹൃത്തുക്കളും 17കാരനെ രാത്രി വീട്ടിൽ നിന്നു പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. കാറിൽ കയറ്റി കൊണ്ടുപോയ കുട്ടിയെ വാടകവീട്ടിൽ എത്തിച്ചാണ് മർദിച്ചത്. വടികൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന് 17കാരൻ പൊലീസിന് മൊഴി നൽകി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
















