ഖത്തറിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന സമുദ്ര ഗതാഗതം ഭാഗികമായി പുനരാരംഭിച്ചതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. മറൈൻ നാവിഗേഷൻ പ്രവർത്തനങ്ങൾ രാവിലത്തെ ഷിഫ്റ്റിൽ മാത്രമായാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തിൽ (ജിപിഎസ്) ഉണ്ടായ സാങ്കേതിക തകരാർ കാരണമാണ് സമുദ്ര ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചത്. ജിപിഎസ് തകരാർ മറൈൻ നാവിഗേഷൻ ഉപകരണങ്ങളുടെ കൃത്യതയെയും നാവിഗേഷൻ സുരക്ഷയെയും ബാധിച്ചേക്കാം.
വൈകുന്നേരത്തെ ഷിഫ്റ്റിൽ കപ്പലുകളിലെ വിനോദം, ടൂറിസം, മത്സ്യബന്ധനം എന്നിവയുൾപ്പെടെയുള്ള മറൈൻ നാവിഗേഷൻ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചത് തുടരും.
അതേസമയം കപ്പൽ ഉടമകൾക്കും നാവികർക്കും ഗതാഗത മന്ത്രാലയം നിർദ്ദേശങ്ങൾ നൽകി. സൂര്യാസ്തമയത്തിന് മുമ്പ് കപ്പൽ യാത്രയിൽ നിന്ന് മടങ്ങണം. 12 നോട്ടിക്കൽ മൈലിനപ്പുറം കപ്പൽ യാത്ര ചെയ്യരുത്.
നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തുറമുഖങ്ങളിലേക്കുള്ള അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുമായാണ് ഈ നിയന്ത്രണങ്ങളെന്നും സർക്കുലറിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
















