സൗദി അറേബ്യ ഉംറ വിസകൾക്കുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തി. പുതിയ പരിഷ്‌കരണമനുസരിച്ച്, സൗദി അറേബ്യയിൽ ഇഖാമയുള്ള (താമസാനുമതിയുള്ള) ഒരാൾക്ക് ഒരേ സമയം അഞ്ച് പേരെ വരെ ഉംറ തീർത്ഥാടനത്തിനായി രാജ്യത്തേക്ക് കൊണ്ടുവരാൻ വിസയിൽ അനുവദിക്കും.
ഈ വിസ നടപടിക്രമങ്ങളെല്ലാം അബ്ഷർ ഓൺലൈൻ പ്ലാറ്റ്‌ഫോം മുഖാന്തരം പൂർത്തിയാക്കാനും സാധിക്കുംവിധമാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കിയിരിക്കുന്നത്. ഈ മാറ്റം ഉംറ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യപ്രദമാകും. ഈ പുതിയ സൗകര്യം ഉപയോഗിക്കുന്നതിനായി അംഗീകൃത ഉംറ ഏജൻസികൾ കമ്പനി മുഖാന്തരമാണ് നടപടികൾ പൂർത്തിയാക്കേണ്ടത്.
നാട്ടിൽ നിന്ന് ഉംറ വിസയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിനുള്ള വീസ റിക്വസ്റ്റ്, സൗദിയിലെ ഇഖാമയുള്ള (താമസാനുമതിയുള്ള) ആളുടെ അബ്ഷർ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് ഉംറ കമ്പനി അവരുടെ നൂസൂക് വഴി അയയ്ക്കും.
ഇഖാമയുള്ള ആൾ സ്വന്തം അബ്ഷർ അക്കൗണ്ടിൽ പ്രവേശിച്ച് ഈ റിക്വസ്റ്റ് അംഗീകരിക്കുന്നതോടെ ഉംറ വിസ അനുവദിക്കും. ഇങ്ങനെ വിസയിൽ വരുന്നവർക്ക് 90 ദിവസം വരെ സൗദി അറേബ്യയിൽ തുടരാൻ അനുവാദമുണ്ട്. ഈ ഓൺലൈൻ സംവിധാനം വിസ നടപടികൾ കൂടുതൽ എളുപ്പത്തിലാക്കുമെന്നും ഉംറ വീസ സേവനങ്ങൾ നടത്തുന്നവർ അറിയിച്ചു.
















