ഒമാനിൽ കാലാവധി കഴിഞ്ഞ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധി നീട്ടി. അടുത്ത വർഷം സെപ്റ്റംബർ വരെയാണ് നീട്ടിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ പഴയ കറൻസി നോട്ടുകൾ മാറ്റി വാങ്ങണമെന്ന് സെൻട്രൽ ബാങ്ക് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനും ദേശീയ കറൻസി സംവിധാനത്തിൽ ആത്മവിശ്വാസം നിലനിർത്തുന്നതിനുമുള്ള സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.
2020ന് മുമ്പ് പുറത്തിറക്കിയ നേട്ടുകൾ ഒമാനിലുടനീളം പ്രവർത്തിക്കുന്ന ബാങ്കുകൾ വഴി മാറ്റി വാങ്ങാൻ കഴിയും. അടുത്ത വർഷം സെപ്റ്റംബർ 21ന് പ്രവർത്തി ദിവസം അവസാനിക്കുന്നതുവരെ ഇതിന് അവസരമുണ്ടായിരിക്കും.
ഇതിന് ശേഷം നോട്ടുകൾ മാറ്റി വാങ്ങാൻ കഴിയില്ലെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. ഗവർണറേറ്റുകളിലുടനീളമുള്ള പൗരന്മാർക്കും താമസക്കാർക്കും എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
നിശ്ചിത സമയപരിധിക്കുളളിൽ പഴയ നോട്ടുകൾ മാറ്റിവാങ്ങാൻ എല്ലാവരും ശ്രമിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഒമാനിലെ എല്ലാ അംഗീകൃത ബാങ്കുകളിലും ഈ സേവനം ലഭ്യമാണ്.
















