തിരുവനന്തപുരം: ശബരിമല സ്വർണമോഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീകോവിലിന്റെ കട്ടിളയും ചെമ്പെന്ന് മഹസർ. കട്ടിളയിൽ പൊതിഞ്ഞിരിക്കുന്നത് ചെമ്പ് പാളിയെന്നാണ് മഹസറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2019 മെയ് 18ന് തയ്യാറാക്കിയതാണ് രേഖ. ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥരാണ് രേഖയിൽ ഒപ്പിട്ടിരിക്കുന്നത്. ചെമ്പ് എന്ന് രേഖപ്പെടുത്തിയാണ് സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്.
നേരത്തെ കട്ടിള ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവന്നിരുന്നു. കട്ടിളയുടെ ചെമ്പ് പാളികൾ സ്വർണ്ണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നുവെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 1999ൽ തന്നെ വിജയ് മല്ല്യ ഈ കട്ടിളയിൽ സ്വർണം പൂശിയെന്നാണ് സെന്തിൽനാഥ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദ്വാരപാലക ശിൽപ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. 2019 ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന ബി. മുരാരി ബാബുവിനെതിരെയാണ് ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം നടപടിയെടുത്തത്.
















