കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ നടന്മാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. ദുൽഖറിന്റെ കൊച്ചിയിലുള്ള മൂന്ന് വീടുകളിലും പൃഥ്വിരാജ്, നടൻ അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വസതികളിലുമാണ് പരിശോധന. കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ എന്ന അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇ.ഡിയുടെ ഈ നടപടി. കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വാഹന ഡീലർമാരുടെയും വിദേശ വ്യവസായി വിജേഷ് വർഗീസിന്റെയും വീടുകളിലും ഇ.ഡി ഒരേസമയം പരിശോധന നടത്തുന്നുണ്ട്.
കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ഡിഫൻഡർ വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് ദുൽഖറിന്റെ ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നായിരുന്നു നിർദേശം. വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ അതിനെക്കുറിച്ച് പ്രാഥമികമായ അന്വേഷണം നടത്തേണ്ടതല്ലേയെന്നും കസ്റ്റംസിനോട് കോടതി ചോദിച്ചു.
ഡിഫൻഡർ വിട്ടുകിട്ടണമെന്ന ദുൽഖറിന്റെ ഹർജി നിലനിൽക്കില്ല എന്നായിരുന്നു കസ്റ്റംസിന്റെ വാദം. നിയമപ്രകാരം പരിശോധന നടത്താനും പിടിച്ചെടുക്കാനും കസ്റ്റംസിന് അധികാരമുണ്ട്. അന്വേഷണം ആദ്യഘട്ടത്തിലാണ്. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് വാദിച്ചു. എന്നാൽ ഡിഫൻഡറിന്റെ ആദ്യ രജിസ്ട്രേഷൻ വ്യാജമാണ് എന്നു പറയാൻ എന്താണ് കാരണമെന്നും ഇതിനു തെളിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ആരാഞ്ഞു.
















