സൂപ്പ് ഇഷ്ടമാണോ? എങ്കിൽ ഇന്ന് ഒരു മഷ്‌റൂം സൂപ്പ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ കിടിലൻ സ്വാദോടെ തയ്യാറാക്കാവുന്ന ഒരു സൂപ്പ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- കൂൺ – 2 കപ്പ്
- ഉപ്പ് -1 സ്പൂൺ
- കുരുമുളക്-1 സ്പൂൺ
- ഒറിഗാനോ -1 സ്പൂൺ
- ചില്ലി ഫ്ലേക്‌സ് -1/2 സ്പൂൺ
- ഗോതമ്പ് പൊടി -3 സ്പൂൺ
- വെള്ളം-3 ഗ്ലാസ്
- മല്ലിയില-2 സ്പൂൺ
- വെളുത്തുള്ളി-2 സ്പൂൺ
- സവാള-1/2 കപ്പ്
- വെണ്ണ-3 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കുറച്ച് സവാളയും ചേർത്ത് നന്നായി വഴറ്റുക. ശേഷം അതിലേയ്ക്ക് കുറച്ച് മഷ്റൂം അരിഞ്ഞത് കൂടി ചേർത്തു നല്ലപോലെ വഴറ്റിയെടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും അതിലേക്ക് ചേർത്തതിന് ശേഷം കുറച്ചു ഗോതമ്പ് പൊടി കൂടി ചേർത്ത് കൊടുക്കാം. ഇത് നന്നായി ചൂടാക്കിയതിനുശേഷം മാത്രം ഇതിലേക്ക് വെള്ളം കൂടി ഒഴിച്ചുകൊടുക്കുക.
അതിനുശേഷം ഇത് വേവിക്കാന്‍ വയ്ക്കുക. വെന്തതിനുശേഷം ഇതിലേക്ക് കുറച്ച് ഒറിഗാനോ, കുറച്ച് കുരുമുളകുപൊടി, ആവശ്യത്തിന് മുളകുപൊടി എന്നിവ ചേർത്ത് വേണമെങ്കിൽ കുറച്ച് ഒറിഗാനോ കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് തിളപ്പിക്കുക. നന്നായി കുറുകിയത് ശേഷം കുറച്ചെടുത്ത് മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം വീണ്ടും ഇതിലേയ്ക്ക് ചേർത്ത് കൊടുത്ത് ഒന്നുകൂടി കുറുക്കി എടുത്തതിനുശേഷം ഇതിലേക്ക് മല്ലിയില കൂടി ചേർത്ത് അലങ്കരിക്കാവുന്നതാണ്.
















