തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ സ്ഥലം മാറ്റിയ നടപടിയിൽ ഗതാഗത മന്ത്രിക്കെതിരെ സിഐടിയു യൂണിയൻ. ഗതാഗത മന്ത്രി ബസ് തടഞ്ഞതിന് പിന്നാലെ ജീവനക്കാരെ സ്ഥലംമാറ്റിയതിനെതിരെയാണ് കെഎസ്ആർടിഇഎ പ്രതിഷേധവുമായി രംഗത്തുവന്നത്.
ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ പരസ്യ വിചാരണ ചെയ്യുന്നതിന് പകരം ന്യൂനതകൾ പരിഹരിക്കണമെന്നും വിഷയവുമായി ബന്ധമില്ലാത്ത ജീവനക്കാരെ സ്ഥലംമാറ്റി കൈയടി നേടാൻ ശ്രമിച്ചത് പ്രതിഷേധാർഹമാണെന്നും യൂണിയൻ പറയുന്നു.
പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി സിഎംഡി നടപടിയെടുത്തത്.
ഒക്ടോബർ ഒന്നിന് ബസ് കൊല്ലം ആയൂരിൽ വച്ച് മന്ത്രി തടയുകയും കുപ്പി അടുക്കിയിട്ടതിന് ജീവനക്കാരെ ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു നടപടി.
















