ഹൈദരാബാദ്: ഇഫ്‌ളു യൂണിവേഴ്സിറ്റിയിൽ സംഘര്‍ഷം. വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യം പരിപാടിക്കിടെയാണ് സംഘര്‍ഷം അരങ്ങേറിയത്. എബിവിപി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ പറയുന്നത് ഇങ്ങനെ; ‘വൈകുന്നേരം ആറ് മണിയോടെയാണ് ക്യാമ്പസില്‍ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടന്നത്. വളരെ സമാധാനപരമായിരുന്നു പരിപാടി. പരിപാടിക്ക് ശേഷം പോസ്റ്ററുകൾ കാന്റീനിന്റെ മുന്നിൽ ഒട്ടിച്ചുവെച്ചിരുന്നു. വിദ്യാർഥികൾ കാന്റീനിലേക്ക് പോയതിന് പിന്നാലെ എബിവിപിക്കാർ എത്തുകയും പോസ്റ്ററുകൾ കീറിയെറിയുകയുമായിരുന്നു.
ഇത് ചോദ്യം ചെയ്തവരെ എബിവിപിക്കാർ മർദിച്ചു. പൊലീസുകാർ പക്ഷാപാതപരമായാണ് പെരുമാറിയതെന്നും എബിവിപിക്കാർ അല്ലാത്തവർ പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടതായും വിദ്യാർഥികൾ പറഞ്ഞു. പെൺകുട്ടികളെ പുരുഷ പൊലീസുകാർ മർദിച്ചുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
















