തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തുടർച്ചയായ മൂന്നാം ദിവസവും നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും രാജി ആവശ്യം തന്നെയായിരുന്നു ഇന്നും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്.
തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ സഭ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സഭയിൽ ചർച്ച ആവശ്യമെങ്കിൽ നോട്ടീസ് നൽകണമെന്ന് മന്ത്രി രാജേഷ് പറഞ്ഞു.
ചോദ്യോത്തര വേളയിൽ തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിൽ സ്പീക്കർ ക്ഷുഭിതനായി. ഇന്നലെ സഭയുടെ ഗാലറിയിൽ മുഴുവൻ വിദ്യാർഥികൾ ഉണ്ടായിരുന്നപ്പോഴാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. സ്പീക്കറെ കാണാൻ കഴിയാത്ത വിധം മുഖം മറച്ചുകൊണ്ടായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും. ഇത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും സ്പീക്കർ വ്യക്തമാക്കി.
















