ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടായ ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
സ്വർണ്ണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമർശിച്ചു. പ്രതിപക്ഷം നടത്തിയ സമരം കേരളത്തിൽ ഇതിനുമുമ്പ് ഈ രീതിയിൽ നടന്നിട്ടില്ല. പലതരത്തിലുള്ള പാർലമെന്ററി പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. സ്പീക്കറെ സഭയുടെ ദൃശ്യത്തിൽ നിന്ന് മറച്ചുപിടിക്കുന്ന പ്രവർത്തനം ഏതെങ്കിലും പ്രതിപക്ഷം നടത്തുന്നതായി ഇതുവരെ കണ്ടിട്ടില്ല. അതിൽ നിന്നെല്ലാം വേറിട്ട നടപടി ഉണ്ടായപ്പോൾ സ്പീക്കർ സ്വീകരിച്ചത് അവരുമായി ചർച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു.
8:30ന് ഭരണപക്ഷത്തെ കക്ഷി നേതാക്കൾ എല്ലാം സ്പീക്കറുടെ അറിയിപ്പ് അനുസരിച്ച് എത്തി. അവിടെ എത്തിയപ്പോഴാണ് പ്രതിപക്ഷത്തെ കാണാതിരുന്നത്. അപ്പോഴാണ് ഞങ്ങൾ പങ്കെടുക്കുന്നില്ല ബഹിഷ്കരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചത്. പ്രതിപക്ഷം ചർച്ചയ്ക്കുമില്ല സമവായത്തിന് തയ്യാറുമല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്താണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും എന്തിനാണ് അവർ ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
















