തലശ്ശേരി: പള്ളൂരിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു.
ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മൽക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും ആണ് കോടതി വെറുതെ വിട്ടത്.
തലശ്ശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ.ജോസിന്റേതായിരുന്നു വിധി. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുൾപ്പെടെ 16 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.
2010 മേയ് 28-ന് രാവിലെ 11-ന് ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിൽവെച്ചാണ് കൊലപാതകം. മാഹി കോടതിയിൽ ഹാജരായി തിരിച്ചുവരുമ്പോൾ ആർഎസ്എസ് പ്രവർത്തകരായ വിജിത്തിനെയും ഷിനോജിനെയും ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വിജിത്തിന്റെ അമ്മ രാജമ്മ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്
















