ജയ്പുര്‍: ജയ്‌പൂരില്‍ എല്‍പിജി സിലിണ്ടറുകൾ നിറച്ച ട്രക്കിലേക്ക് ടാങ്കർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.
ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ തീപിടിത്തമുണ്ടാകുകയും വലിയ സ്‌ഫോടന പരമ്പര തന്നെ ഉണ്ടാകുകയും ചെയ്തു. ടാങ്കറിന്റെ ഡ്രൈവറാണ് മരിച്ചത്. സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ ട്രക്കിനും ടാങ്കറിനും തീപിടിച്ചു.
ജയ്പുര്‍-അജ്‌മേര്‍ ദേശീയപാതയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാജസ്ഥാനിലെ മൗസാമാബാദിലെ സവര്‍ദ പുലിയയ്ക്ക് സമീപമായിരുന്നു അപകടം. ഗ്യാസ് സിലിണ്ടറുമായെത്തിയ ട്രക്ക് ഇവിടെ ഒരു ധാബയ്ക്കരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ഈ ട്രക്കിന്റെ പിന്നിലേക്ക് ആണ് ടാങ്കര്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ട്രക്കിലെ സിലിന്‍ഡറുകള്‍ തുടരെത്തുടരെ പൊട്ടിത്തെറിക്കുയും വലിയ സ്‌ഫോടനമുണ്ടാകുകയും ചെയ്തു.
















