തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.
സുവര്‍ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കില്‍ ചെമ്പ് ക്ഷേത്രമായേനെയെന്നാണ് പരിഹാസം. ഭരണസംവിധാനം കളവുകള്‍ പടച്ചുവിടുന്നുവെന്നും പദ്മകുമാറിന്റെ തലയില്‍ എല്ലാം കെട്ടിവെയ്ക്കാനാണ് ദേവസ്വം വകുപ്പ് പ്രസിഡന്റ് പ്രശാന്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രശാന്ത് ഇതിന് ഒത്താശ ചെയ്തുനല്‍കി. അഴിമതിക്ക് പിന്നില്‍ പദ്മകുമാര്‍ മാത്രമായിരുന്നെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. ഇന്ന് മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാണ് പദ്മകുമാര്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും സിപിഐഎമ്മും തമ്മില്‍ എന്താണ് ബന്ധം. അയ്യപ്പനെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ അയ്യപ്പന്‍ എട്ടിന്റെ പണി കൊടുത്തു’, ഷിബു ബേബി ജോണ്‍ പറഞ്ഞു.
















