ഇന്ത്യൻ വാഹന വിപണിയിൽ വമ്പൻ പോരാട്ടത്തിന് കളമൊരുക്കി നിസാൻ ടെക്ടൺ പ്രീമിയം എസ്‌യുവി എത്തുന്നു. നിലവിൽ വിപണി അടക്കിവാഴുന്ന ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര ഉൾപ്പെടെയുള്ള ശക്തരായ മോഡലുകളുമായി ഇത് നേരിട്ട് മത്സരിക്കും. മാരുതി ഹൈറൈഡർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൺ തുടങ്ങിയ മോഡലുകൾക്കും കടുത്ത വെല്ലുവിളിയാകും നിസാന്റെ ഈ പുതിയ പ്രീമിയം എസ്‌യുവി.
നിസാനും റെനോയും സംയുക്തമായി നടത്തുന്ന ചെന്നൈയിലെ പ്ലാന്റിലാണ് ‘ടെക്ടൺ’ നിർമ്മിക്കുക. ഇത് രാജ്യത്തെ വിൽപ്പനയ്‌ക്കായി മാത്രമല്ല, തിരഞ്ഞെടുത്ത ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും നിസാൻ ലക്ഷ്യമിടുന്നുണ്ട്. നിസാൻ്റെ ഇന്ത്യൻ വിപണിയിലെ തന്ത്രപരമായ നീക്കമായാണ് ടെക്ടൺ മോഡലിന്റെ വരവിനെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
രൂപകൽപ്പനയും സവിശേഷതകളും
മുൻഭാഗം: ഫ്ലാറ്റ് ബോണറ്റ്, നിസ്സാന്റെ സിഗ്നേച്ചർ ആയ വി-മോഷൻ ഗ്രിൽ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, കൂടാതെ സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ എന്നിവ മുൻവശത്തിന് പ്രീമിയം ലുക്ക് നൽകുന്നു.
റഗ്ഡ് ലുക്ക്: പരുക്കൻ ബമ്പറുകൾ, വലിയ അലോയ് വീലുകൾ, വീതിയേറിയ വീൽ ആർച്ചുകൾ എന്നിവ ചേർന്ന് വാഹനത്തിന് ഒരു റഗ്ഡ് (Rugged) രൂപം നൽകുന്നു.
സൈഡ് പ്രൊഫൈൽ: വശങ്ങളിൽ, ഹിമാലയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട “ഡബിൾ-സി” പാറ്റേൺ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് ടെക്ടൺ എസ്‌യുവിക്ക് ഒരു ഇന്ത്യൻ ടച്ച് നൽകുന്നു.
പിൻഭാഗം: ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽലൈറ്റ് ബാർ, ചതുരാകൃതിയിലുള്ള ലാമ്പുകൾ, പിൻ സ്‌പോയിലർ എന്നിവ വാഹനത്തിന്റെ പ്രീമിയം ആകർഷണം കൂടുതൽ വർദ്ധിപ്പിക്കുന്നു.
ഈ ഡിസൈൻ ഘടകങ്ങൾ ടെക്ടണിനെ വിപണിയിലെ മറ്റ് എതിരാളികളിൽ നിന്ന് വേറിട്ട് നിർത്താൻ സഹായിക്കും.
















