കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി. ഡോക്ടർ വിപിനാണ് തലയ്ക്ക് പരിക്കേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവായ സനൂപാണ് ഡോക്ടറെ ആക്രമിച്ചത്.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂർച്ചയുള്ള കൊടുവാൾ പോലുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം.മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. കുഞ്ഞിനോ കുടുംബത്തിനോ ഒരു തരത്തിലും നീതികിട്ടില്ലെന്നും ഇയാൾ പറഞ്ഞതായാണ് വിവരം.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് കുട്ടി അമീബിക് മസ്തിഷ്‌ക ബാധയെ തുടർന്ന് മരിച്ചത്. പിന്നാലെ കുട്ടിയ്ക്ക് ചികിത്സ നൽകിയതുമായി ബന്ധപ്പെട്ട് താമരശേരി താലൂക്കാശുപത്രിയിൽ പിഴവുണ്ടായെന്ന് കുടുംബം ആരോപിച്ചിരുന്നു.
പനി കൂടിയതിനെ തുടർന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
















