മെസോതെലിയോമ ബാധിച്ച് മരിച്ച ഒരു സ്ത്രീയുടെ കുടുംബത്തിന് 966 മില്യൺ ഡോളർ നൽകാൻ ജോൺസൺ ആൻഡ് ജോൺസണിനോട് ആവശ്യപ്പെട്ട് കോടതി. ടാൽക്ക് ഉൽപ്പന്നങ്ങൾ കാൻസറിന് കാരണമാകുമെന്ന് ആരോപിച്ച് നടത്തിയ വിചാരണയിലാണ് ലോസ് ഏഞ്ചൽസ് ജൂറിയുടെ ഉത്തരവ്.
2021 ൽ കാലിഫോർണിയ നിവാസിയായ 88 കാരി മേ മൂറിൻ കാൻസർ ബാധിച്ച് മരിച്ചു. ജോൺസൺസിൻ്റെ ടാൽക്ക് ബേബി പൗഡറിൽ ആസ്ബറ്റോസ് നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് മേ മുറിൻ്റെ കുടുംബമാണ് കേസ് നൽകിയത്. മെസോതെലിയോമ ഉണ്ടാകാനുള്ള പ്രധാന കാരണം ആസ്ബറ്റോസുമായുള്ള സമ്പർക്കമാണ്. കേസിലെ അന്തിമ വിധി പ്രകാരം കമ്പനിക്ക് ജൂറി 16 മില്യൺ ഡോളർ നഷ്ടപരിഹാരവും, 950 മില്യൺ ഡോളർ ശിക്ഷാ നഷ്ടപരിഹാരവും വിധിച്ചു.
തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും, ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും, ക്യാൻസറിന് കാരണമാകില്ലെന്നും ജോണസൺസ് & ജോൺസൺസ് കമ്പനി അറിയിച്ചു. 2020 ൽ കമ്പനി അമേരിക്കയിൽ ടാൽക്ക് അധിഷ്ഠിത ബേബി പൗഡർ വിൽക്കുന്നത് നിർത്തി, കോൺസ്റ്റാർച്ച് ഉൽപ്പന്നത്തിലേക്ക് മാറിയിരുന്നു.
















