സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി RSS സൈദ്ധാന്തികൻ ടി ജി മോഹൻദാസ്. അയാളുടെ മുഖത്ത് തുപ്പണമെന്നും വാഹനം തടയണമെന്നുമാണ് ബിജെപി മുൻ ഇന്റലക്ച്വൽ സെൽ മേധാവി കൂടിയായ ടി.ജി മോഹൻദാസ് ആഹ്വാനം ചെയ്തത്. ഖജുരാഹോ ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ വിഗ്രഹം നവീകരിക്കണമെന്ന ഹരജി തള്ളിയുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനു പിന്നാലെയാണ് ടി.ജി മോഹൻദാസിന്റെ പരാമർശം.
സുപ്രിംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ അഭിഭാഷകൻ രാകേഷ് കിഷോർ ഷൂ എറിയാൻ ശ്രമിച്ച സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ്, സെപ്തംബർ 30നാണ് പത്രിക എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ടി.ജി മോഹൻദാസ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
ടി.ജി മോഹൻദാസിന്റെ വാക്കുകൾ ഇങ്ങനെ…
‘രണ്ട് കോടി രൂപ ഖജുരാഹോയിലെ അറ്റകുറ്റപ്പണിക്കായി മഹാരാഷ്ട്ര സർക്കാരിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചിരുന്നു. ഈ തുകയിൽ മഹാവിഷ്ണു വിഗ്രഹത്തിന്റെ ശിരസിന്റെ അറ്റകുറ്റപ്പണി കൂടിയുണ്ടെന്ന് പ്രത്യേകം പറഞ്ഞിരുന്നില്ല. ടൂറിസം ആവശ്യത്തിന്റെ ഭാഗമായി കൊടുത്തതാണിത്. ഖജുരാഹോയിലാക്കാണെന്ന് പറഞ്ഞതോടെ ഗവായ് ഇടപെട്ടു. ഇദ്ദേഹം അതിനെ എതിർത്തോടെ സോഷ്യൽമീഡിയയിൽ അസാമാന്യമായി ഹിന്ദുക്കൾ പ്രതികരിച്ചു. വാസ്തവത്തിൽ അത് പോരാ എന്നാണ് എന്റെ അഭിപ്രായം.
ബി.ആർ ഗവായ് ഇറങ്ങിവരുമ്പോൾ ഒരാൾ മുഖത്ത് തുപ്പുന്നു, ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ മുഖത്ത് തുപ്പിയാൽ ഏറിയാൽ ആറ് മാസമേ ശിക്ഷ കിട്ടൂ. ഒരു ഹിന്ദു പോലും അതിന് തയാറായില്ലല്ലോ. ഇദ്ദേഹം ഇറങ്ങിവരുമ്പോൾ ആരെങ്കിലും വണ്ടി തടഞ്ഞുനിർത്തണം. ഒരു നാല് പേർ മതി. അതിനു കാര്യമായ ശിക്ഷ കിട്ടില്ല. പിടിച്ച് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകും, വൈകുന്നേരമാകുമ്പോൾ വിടും. പക്ഷേ ഇത് ചെയ്യാൻ ഹിന്ദുവില്ല, ഉടനെയൊന്നും ഉണ്ടാകുമെന്നും പ്രതീക്ഷയില്ല.
പക്ഷേ സോഷ്യൽമീഡിയയിൽ ഹിന്ദുക്കൾ രംഗത്തിറങ്ങുകയും ബി.ആർ ഗവായ്‌യെ അറഞ്ചം പുറഞ്ചം ട്രോൾ ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് ബിആർ ഗവായ് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പോയി കണ്ടു. അതിന്റെ ഫോട്ടോ പുറത്തുവന്നതോടെ, അത് സൂം ചെയ്ത് ഗവായ് ഇട്ട ഷൂവിന് 80,000 രൂപ വരെ വില വരുമെന്ന് സോഷ്യൽമീഡിയ കണ്ടെത്തി. 80,000 രൂപയുടെ ഷൂ ഇട്ടാണോ ചീഫ് ജസ്റ്റിസ് നടക്കുന്നതെന്ന ചോദിച്ചപ്പോൾ ബി.ആർ ഗവായ് വല്ലാതെ വിഷമിച്ചു. കോടതി മുറിയിൽ ഗവായ് പറഞ്ഞു, താൻ പറഞ്ഞതിനെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽമീഡിയ വേട്ടയാടുന്നു എന്ന്. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തത് എന്താണ്. മൊത്തം സന്ദർഭം തന്നെ എല്ലാവരും റിപ്പോർട്ട് ചെയ്തു, അതിൽ അടർത്തിയെടുക്കാൻ ഒന്നുമില്ല. എല്ലാ മതങ്ങളോടും ബഹുമാനമാണെന്നാണ് ഗവായ് പറഞ്ഞത്. അതാര് ചോദിച്ചു. അതല്ലല്ലോ ചോദ്യം, നിങ്ങൾ മഹാവിഷ്ണുവിനെ പുച്ഛിച്ചും പരിഹസിച്ചും സംസാരിച്ചു എന്നത് സത്യമല്ലേ. നിങ്ങൾ ആ തെറ്റ് സമ്മതിക്കണം.
ബി.ആർ ഗവായ്‌യെ ബഹുമാനിച്ചില്ലെങ്കിൽ ഹിന്ദു മതത്തിനോ സമൂഹത്തിനോ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. നിങ്ങൾ ചീഫ് ജസ്റ്റിസായതിനാൽ ആ കസേരയോട് മാന്യത കാണിച്ച് ഇതുപോലുള്ള വിടുവായിത്തം പറയാതിരിക്കണമായിരുന്നു. വായിൽ നിന്ന് വീണുപോയെങ്കിൽ അത് പിൻവലിക്കാനും മാപ്പ് പറയാനും തയാറാകണമായിരുന്നു. നിങ്ങളുടെ ബഹുമാനവും തേങ്ങയും വേണ്ട ഹേ… നിങ്ങൾ ലോകത്തെ ഭരിക്കുകയാണല്ലോ…? ഗതികേടാണ് നമ്മുടെ, എന്ത് ചെയ്യാൻ പറ്റും. മഹാവിഷ്ണുവിനെ അപമാനിച്ചിട്ട് എല്ലാവരോട് ബഹുമാനമാണെന്ന് പറഞ്ഞാൽ മതിയോ…?’-
Content highlight: T G Mohandas
















