കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഡോക്ടറുടെ ആരോഗ്യ വിവരങ്ങൾ പുറത്ത്. ഡോക്ടർ വിപിന്റെ തലക്കേറ്റത് ആഴത്തിലുള്ള മുറിവാണെന്ന് ഡോക്ടർമാർ പറഞ്ഞു.തലയോട്ടിയുടെ പിന്നിലായി ചെറിയൊരു പൊട്ടലുണ്ടെന്നും ഡോക്ടർ വിപിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു.
തലച്ചോറിലേക്ക് പരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ ഡോ. വിപിൻറെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ ന്യൂറോസർജറി ഐസിയുവിൽ നിരീക്ഷണത്തിലാണ്. മുറിവ് ആഴത്തിലുള്ളതായതിനാൽ ഉള്ളിലേക്ക് അണുബാധയുണ്ടാവാതിരിക്കാൻ കൃത്യമായ ചികിത്സ നിരീക്ഷണം ഒരുക്കിയിരിക്കുകയാണ്. ഡോ. റെനൂപ് വ്യക്തമാക്കി.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് ആക്രമിക്കപ്പെട്ടത്. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഒരാൾ വന്ന് ബാഗിൽ നിന്ന് വടിവാൾ എടുത്ത് വെട്ടിയത് എന്ന് ഡോക്ടർ വിപിന്റെ കൂടെ കാഷ്വാലിറ്റിയിൽ ജോലി ചെയ്യുന്ന ഡോക്ടർ കിരൺ വ്യക്തമാക്കി. ആക്രമണകാരി രോഗിയെ പോലെയാണ് ആശുപത്രിയിലേക്ക് വന്നത്. ബാഗിനുള്ളിലായിരുന്ന ആയുധം സെക്യൂരിറ്റി ജീവനക്കാർക്ക് പോലും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുള്ള കുട്ടിയുടെ പിതാവായ സനൂപാണ് ആക്രമണം അഴിച്ചുവിട്ടത്. കുട്ടിയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഇയാൾ ഡോക്ടറെ ആക്രമിച്ചത്.
















