കാനഡയിൽ അടുത്തിടെ അരങ്ങേറിയ വെടിവെപ്പ് സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടത്ത് ലോറൻസ് ബിഷ്ണോയി സംഘം . സറിയിലെ ഒരു റെസ്റ്റോറന്റ് ഉടമയുടെ ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ബിഷ്ണോയി സംഘവുമായി ബന്ധമുള്ള ഗോൾഡി ധില്ലൻ ഫേസ്ബുക്കിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. റെസ്റ്റോറന്റ് ഉടമ ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെന്നും മോശമായി പെരുമാറിയെന്നും ധില്ലൻ ആരോപിച്ചു. ഇങ്ങനെയുള്ളവർക്ക് ഇതേ ഗതി വരുമെന്നും ധില്ലൻ മുന്നറിയിപ്പ് നൽകി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച സറിയിലെ കിങ് ജോർജ്ജ് ബൊളിവാർഡിലുള്ള ഉസ്താദ് ജി76 ഇന്ത്യൻ റെസ്റ്റോറന്റിലും ന്യൂട്ടണിലുള്ള മറ്റൊരു ശാഖയിലുമാണ് വെടിവെപ്പുണ്ടായത്. ലൗഗെഡ് ഹൈവേയിലുള്ള റെസ്റ്റോറന്റിന്റെ മറ്റൊരു ഔട്ട്‌ലെറ്റിലും വെടിവെച്ചതായി ധില്ലന്റെ പോസ്റ്റിൽ പറയുന്നു. കെട്ടിടങ്ങളുടെ പുറംഭാഗത്ത് വെടിയുണ്ടയേറ്റതിന്റെ കേടുപാടുകൾ പോലീസ് കണ്ടെത്തി. വെടിവെപ്പിൽ ആളപായമില്ല.
















