നിലവാരമുള്ള കായിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ അൽ ജസീറ ക്ലബ്ബിനായി നിർമിക്കുന്ന പുതിയ സ്‌റ്റേഡിയത്തിന്റെ രൂപരേഖയും മാസ്റ്റർ പ്ലാനും വിലയിരുത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 2026-ൽ ആരംഭിക്കുന്ന ഈ സ്റ്റേഡിയം പദ്ധതി സായിദ് സിറ്റിയിലായിരിക്കും ഒരുങ്ങുക.

24,000 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് സ്റ്റേഡിയം രൂപകൽപന ചെയ്തിട്ടുള്ളത്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലായിരിക്കും നിർമാണ പ്രവർത്തനങ്ങൾ നടക്കുക. മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പൂർണമായും ശീതീകരിച്ച ഇരിപ്പിടങ്ങൾ, പ്രധാന വേദിയുടെ ഉള്ളിലേക്കും പുറത്തേയ്ക്കും നീക്കാനാകുന്ന പിൻവലിക്കാവുന്ന പിച്ച് എന്നിവ സ്‌റ്റേഡിയത്തിൽ ഉണ്ടാകും. കൂടാതെ കാണികൾക്കായി പ്രത്യേക ഹോസ്പിറ്റാലിറ്റി സേവനങ്ങളും ഒരുക്കും. യുഎഇയുടെ കായിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും വേണ്ടിയുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടാണ് ഈ പുതിയ സ്റ്റേഡിയത്തിലൂടെ യാഥാർഥ്യമാകുന്നത്.
STORY HIGHLIGHT: al jazeera club stadium project abu dhabi
















