സ്വർണത്തിനൊക്കെ ഇപ്പൊ എന്താ വില… കുതിച്ചുയരുകയല്ലേ. താമസിയാതെ തന്നെ പവന് ഒരു ലക്ഷം കടക്കുമെന്നാണ് കണക്കുകൾ. ആഭരണം എന്നതിനേക്കാളുപരി സുരക്ഷിത നിക്ഷേപ മാര്‍ഗം എന്ന നിലക്കാണ് പലരും സ്വര്‍ണത്തെ കാണുന്നത്. അതിനാൽ ഉള്ള സ്വർണം നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ് എല്ലാവരും. വർഷങ്ങളായി അണിയുന്ന ആഭരണങ്ങളിൽ അഴുക്കും പൊടിയും ഒക്കെ കയറി നിറം മങ്ങിയിരിക്കാറുണ്ട്. അതിന് മിക്ക ആളുകളും ചെയ്യുന്നത് ജ്വല്ലറികളില്‍ കൊണ്ടുപോയി ഇതിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
ഒരു കെമിക്കലും ഉപയോഗിക്കാതെ നിങ്ങളുടെ വീട്ടിലുള്ള ചില സാധങ്ങൾ ഉപയോഗിച്ച് സ്വർണാഭരണങ്ങൾ വീട്ടിൽ തന്നെ എങ്ങനെ വൃത്തിയാക്കാം എന്ന നമുക്ക് നോക്കാം.
* ഒരു കട്ടിയുള്ള പാത്രത്തിൽ ഒരു ടേബിൾസ്‌പൂൺ ഷാംപൂ എടുക്കുക.
* ഇതിലേക്ക് അര ടീസ്‌പൂൺ മഞ്ഞൾപ്പൊടിയിടണം. ശേഷം ആവശ്യത്തിനുള്ള വെള്ളം ചേർത്ത് നന്നായി പതപ്പിക്കുക.
* നിങ്ങൾക്ക് അഴുക്ക് കളയേണ്ട സ്വർണാഭരണങ്ങൾ ഈ ലായനിയിലിട്ട് അടുപ്പിൽ വച്ച് ചൂടാക്കണം. നന്നായി തിളപ്പിക്കണം. ഇടയ്‌ക്കിടെ സ്‌പൂൺ വച്ച് ഇളക്കിക്കൊടുക്കുക.
* അഞ്ച് മുതൽ എട്ട് മിനിട്ട് വരെ തിളപ്പിച്ച ശേഷം ചൂടാറാൻ വയ്‌ക്കുക.
* നന്നായി തണുക്കുമ്പോൾ പഴയൊരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക. ശേഷം പച്ചവെള്ളത്തിൽ കഴുകിയെടുക്കുക.
* ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം.
ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ നിങ്ങള്‍ വാങ്ങിയ ദിവസം പോലെ തിളക്കമുള്ളതും മനോഹരവുമായി നിലനിര്‍ത്താന്‍ കഴിയും. ഇതിലുപയോഗിച്ചിരിക്കുന്ന മഞ്ഞൾപ്പൊടിയാണ് ആഭരണത്തിന് തിളക്കം നൽകുന്നത്. കെമിക്കലുകളൊന്നും ഉപയോഗിക്കാത്തതിനാൽ സ്വർണത്തിന് യാതൊരുവിധ കേടുപാടുകളും വരുന്നതല്ല.
















