എക്കിള്‍ വരാത്തവരായി ആരും തന്നെയില്ല. ശ്വാസകോശത്തിന് താഴെയുള്ള പേശിയായ ഡയഫ്രം ചുരുങ്ങുന്നത് മൂലം ഇടയ്ക്ക് ശരീരത്തിലുണ്ടാകുന്ന പ്രതിഭാസമാണ് എക്കിള്‍. എക്കിൾ പൊതുവെ നിരുപദ്രവകരമാണ്. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് വരുന്ന എക്കിൾ മാറാൻ വെള്ളം കുടിക്കാറുണ്ട്.
തുടർച്ചയായുണ്ടാകുന്ന എക്കിൾ ചിലപ്പോൾ ഭക്ഷണം കഴിക്കുന്നതിനെയും സംസാരിക്കുന്നതിനെയും ഉറക്കത്തെയും ബാധിക്കാം. ചില ഭക്ഷണങ്ങൾ, പാനീയങ്ങൾ, അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം, കാർബണേറ്റഡ് പാനീയങ്ങളുടെ ഉപയോഗം, വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് ഇവയെല്ലാം എക്കിളിലേക്ക് നയിക്കും. എക്കിൾ (hiccups) നിർത്താൻ ലളിതമായ ചില വീട്ടു പരിഹാരങ്ങളുണ്ട്. എക്കിളിന്റെ കാരണങ്ങൾ അറിഞ്ഞ് അതിനെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും.
എക്കിൾ വരാൻ എന്താണ് കാരണം?
ഡയഫ്രം പെട്ടെന്ന് ചുരുങ്ങുന്നതാണ് എക്കിൾ. ശ്വാസകോശത്തിന് അടിയിലുള്ള പേശിയാണ് ഡയഫ്രം. ഇത് പെട്ടെന്ന് ചുരുങ്ങുകയും വായുവിനെ ശക്തമായ തൊണ്ടയിലേക്ക് തള്ളുകയും ചെയ്യും. ഇതാണ് ഹിക് എന്ന ശബ്ദം. ഡയഫ്രത്തെ നിയന്ത്രിക്കുന്ന വേഗസ്, ഫ്രീനിക് നാഡികൾക്കും ഇതിൽ പങ്കുണ്ടെന്ന് ‘സ്റ്റാറ്റ് പേൾസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഈ നാഡീപാതയിലുണ്ടാകുന്ന തടസ്സങ്ങൾ എക്കിളിനു കാരണമാകും. കൂടാതെ മറ്റ് ചില ഘടകങ്ങളും എക്കിളിലേക്ക് നയിക്കും.
∙ എരിവും അമ്ലഗുണവുമുള്ള ഭക്ഷണങ്ങൾ ഇത് അന്നനാളത്തിന് അസ്വസ്ഥത ഉണ്ടാക്കുകയും ഡയഫ്രത്തെ നിയന്ത്രിക്കുന്ന നാഡികളെ ഉത്തേജിപ്പിക്കുകയും ചെയ്യും.
∙ കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം, അമിതമായ വായു അല്ലെങ്കിൽ ആൽക്കഹോൾ വയറ് വീർക്കാൻ കാരമാകും. ഇത് ഡയഫ്രത്തിൽ സമ്മർദമേൽപ്പിക്കും.
∙ അമിതമായി ഭക്ഷണം കഴിക്കുന്നത് വയറ് നിറയുമ്പോൾ അത് ഡയഫ്രത്തിനെതിരായി അമർത്തുകയും ഇത് എക്കിൾ ഉണ്ടാക്കുകയും ചെയ്യും.
∙ വളരെ പെട്ടെന്ന് ഭക്ഷണം കഴിക്കുന്നതും ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നതും വായുവിനെ വിഴുങ്ങുന്നതും എക്കിളുണ്ടാക്കും.
∙ ചൂടു കൂടിയ പാനീയങ്ങൾ– വളരെ ചൂട് കൂടിയതും വളരെയധികം തണുത്തതുമായ പാനീയങ്ങൾ അന്നനാളത്തിന് അസ്വസ്ഥതയുണ്ടാക്കും.
∙ ഇടയ്ക്കിടെ ച്യൂയിംഗം ചവയ്ക്കുന്നത് ച്യൂയിംഗത്തിൽ നിന്ന് അധികവായു വിഴുങ്ങുന്നത് എക്കിളുണ്ടാക്കും.
ഭക്ഷണശീലങ്ങളും ജീവിത ശൈലിയും എക്കിൾ തടയുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
എക്കിൾ പെട്ടെന്ന് നിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
∙ പീനട്ട് ബട്ടർ
ഒരു സ്പൂൺ നിറയെ പീനട്ട് ബട്ടർ എടുത്ത് കഴിക്കുന്നത് എക്കിൾ നിൽക്കാൻ സഹായിക്കും. ഒട്ടുന്ന ടെക്സ്ചർ ആയതുകൊണ്ടു തന്നെ അത് വിഴുങ്ങുന്നതിൽ ശ്രദ്ധ കൊടുക്കുമ്പോൾ ശ്വസനരീതി മാറുകയും ഡയഫ്രത്തിന് പഴയപടി ആവാനുള്ള ഒരവസരം ലഭിക്കുകയുമാണ്.
∙ ചോക്ലേറ്റ് പൗഡർ
ചോക്ലേറ്റ് പൊടിയുടെ പ്രത്യേക രുചി, വായിലെയും തൊണ്ടയിലെയും പല നാഡീപാതകളെയും ഉത്തേജിപ്പിക്കും. ഈ സെൻസറി ഡിസ്ട്രാക്ഷൻ, ഡയഫ്രം തലച്ചോറിലേക്കയച്ച എക്കിളിന്റെ സിഗ്നലിനെ തടസ്സപ്പെടുത്തുകയും പേശിവലിവ് പെട്ടെന്ന് നിൽക്കുകയും ചെയ്യും.
















