ഏഷ്യാ കപ്പ് ചാംപ്യന്മാരായിട്ടും ട്രോഫി ഇല്ലാതെ ഇന്ത്യൻ ടീമിന് ജയം ആഘോഷിക്കേണ്ടി വന്നത് വലിയ വിവാദമായിരുന്നു. ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചതിന് ശേഷം ട്രോഫി കയ്യിലില്ലാതെ ജയം ആഘോഷിച്ചതിനെ കുറിച്ച് സഞ്ജു സാംസണും വരുൺ ചക്രവർത്തിയും പറഞ്ഞതിങ്ങനെ
“അതൊരു വിചിത്രമായ കാര്യമായിരുന്നു. പക്ഷേ ഞങ്ങളുടെ ഡ്രസ്സിങ് റൂമിൽ പോസിറ്റീവ് അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. കയ്യിൽ ഒന്നും ഇല്ലെങ്കിൽ തന്നെയും എല്ലാം ഉള്ളത് പോലെ ആഘോഷിക്കണം. അതാണ് ഞങ്ങൾ അവിടെ ചെയ്തത്,” സഞ്ജു സാംസൺ പറഞ്ഞു.
“അത് അർഷ്ദീപിന്റെ ആശയം ആയിരുന്നു. ആ സമയം തീരുമാനിച്ചതാണ്. സത്യത്തിൽ ഞങ്ങൾ ട്രോഫി വാങ്ങുന്നതിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ, നിങ്ങൾക്ക് അറിയാമല്ലോ എന്താണ് സംഭവിച്ചത് എന്ന്,” വരുൺ ചക്രവർത്തി പറഞ്ഞു.
ട്രോഫി എഡിറ്റ് ചെയ്ത് ചേർത്താണ് തിലക് വർമ ഉൾപ്പെടെയുള്ള കളിക്കാർ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചത്. സൂര്യകുമാർ യാദവിനൊപ്പം ട്രോഫി പിടിച്ച് നിൽക്കുന്ന എഡിറ്റ് ചെയ്ത പോസ്റ്റ് ആണ് തിലക് വർമഷെയർ ചെയ്തത്. ഹർദിക് പാണ്ഡ്യയും ട്രോഫി എഡിറ്റ് ചെയ്ത ഫോട്ടോയാണ് ഫൈനൽ ജയത്തിന് പിന്നാലെ പങ്കുവെച്ചത്.
Curious about the ‘non-trophy’ celebrations? 😜
Sanju Samson & Varun Chakaravarthy finally reveal all after the Asia Cup 2025 finals! 👀#CEATCricketAwards2025 👉 10th & 11th OCT, 6 PM on Star Sports & JioHotstar pic.twitter.com/CbxWmehifh
— Star Sports (@StarSportsIndia) October 8, 2025
എസിസി ചെയർമാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനും പാക്കിസ്ഥാന ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് കിരീടം സ്വീകരിക്കില്ല എന്ന് ഇന്ത്യ ഫൈനലിന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജയിച്ച ടീമിന് താൻ തന്നെ ട്രോഫി നൽകും എന്ന നിലപാടിൽ നഖ്വി ഉറച്ച് നിന്നതോടെ ഇന്ത്യ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായില്ല.
കിരീടവും ഇന്ത്യൻ കളിക്കാരുടെ മെഡലുകളും എത്രയും പെട്ടെന്ന് തിരികെ നൽകണം എന്ന് ബിസിസിഐ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനോട് നിർദേശിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ പ്രധാന നേതാവിന്റെ കൈകളിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ല എന്നാണ് ഞങ്ങൾ തീരുമാനിച്ചത്. അതിനർഥം അദ്ദേഹത്തിന് കിരീടവും മെഡലുമായി പോവാം എന്നല്ല. മെഡലും ട്രോഫിയും എത്രയും പെട്ടെന്ന് ഇന്ത്യക്ക് കൈമാറണം. ഐസിസിയെ പരാതി അറിയിക്കും എന്നും ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.
















