രണ്ട് വര്‍ഷത്തെ സംഘര്‍ഷത്തിനൊടുവില്‍ ഇസ്രയേലും ഹമാസും സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഒപ്പുവച്ചുവെന്നും ചര്‍ച്ച വിജയിച്ചുവെന്നുമുള്ള അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് ഇരു രാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവച്ചതായി ട്രംപ് അറിയിച്ചത്.
ഒക്ടോബര്‍ 7 മുതലുള്ള ഏറ്റവും ഒടുവിത്തെ ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിൻ്റെ രണ്ടാം വാർഷികം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനവുമായി ട്രംപ് രംഗത്ത് എത്തുന്നത്. എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുമെന്നും സമാധാനത്തിലേക്കുള്ള ആദ്യപടിയാണെന്നും ഇസ്രയേൽ വെടിനിർത്തൽ എത്രയും വേഗം നടപ്പാക്കാൻ സാധ്യതയുണ്ടെന്നും ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
എല്ലാ കക്ഷികളോടും നീതിപൂർവ്വം പെരുമാറും! അറബ്, മുസ്ലിം ലോകത്തിനും ഇസ്രയേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങൾക്കും അമേരിക്കൻ ഐക്യനാടുകൾക്കും ഇത് ഒരു മഹത്തായ ദിവസമാണ്. ഈ ചരിത്ര നിമിഷം സാധ്യമാക്കാൻ തങ്ങളോടൊപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് തങ്ങൾ നന്ദി പറയുന്നുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളും മറ്റും വേഗത്തിൽ നടപ്പിലാക്കാൻ വേണ്ടി ഡൊണാൾഡ് ട്രംപ് മിഡിൽ ഈസ്റ്റിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു. ഇന്ന് രാവിലെ പതിവ് പോലെ വാഷിങ്ടൺ ഡിസിയിലെ വാൾട്ടർ റീഡ് മെഡിക്കൽ സെൻ്ററിൽ ട്രംപ് വാർഷിക യോഗത്തിൽ പങ്കെടുക്കുമെന്നും കരോലിൻ ലീവിറ്റ് കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാറുമായ ബന്ധപ്പെട്ട അന്തിമ ചർച്ചകൾ നടക്കുകയാണ്. ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യ ഈജിപ്തിൻ്റെ ഇൻ്റലിജൻസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കരാറിൽ ഒപ്പ് വയ്ക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഇന്ന് വെടിനിർത്തൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
















