കൃത്യസമയത്ത് എണീക്കാൻ അലാറം വെയ്ക്കുന്നവരാണ് നമ്മൾ. എന്നാൽ അലാറം അടിച്ച് അത് ഓഫാക്കി വീണ്ടും കിടന്ന് ഉറങ്ങുകയാണ് ഏറെയും ആളുകൾ ചെയ്യുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഉറക്കത്തിന്‍റെ താളം തെറ്റുന്നതിന് കാരണമാകുന്നു.
ആദ്യത്തെ അലാറം കേട്ട് അത് ഓഫ് ആക്കി വീണ്ടും ഉറങ്ങുമ്പോൾ അടുത്ത സ്ലീപ് സൈക്കിളിലേക്കാണ് നിങ്ങൾ കടക്കുന്നത്. എന്നാൽ കുറഞ്ഞ സമയം മാത്രമായിരിക്കും അതിന് ലഭിക്കുക. ചിലപ്പോൾ ആഴമേറിയതും എന്നാൽ ചിലപ്പോൾ ഡീപ് സ്ലീപ് അല്ലാത്തതോ ആകാം. രാവിലെ ഉണരുന്നതിന് തൊട്ടുമുമ്പുള്ള സമയം വളരെ പ്രധാനപ്പെട്ടതാണ്. അലാറം സ്നൂസ് ചെയ്യുമ്പോൾ ശരീരത്തിനും മനസ്സിനും ആവശ്യമായ പൂർണ്ണ വിശ്രമം ലഭിക്കാതിരിക്കുകയും ചെയ്യും.
അലാറം അടിച്ച ശേഷം വീണ്ടും ഉറങ്ങുമ്പോൾ, ഉണരാനുള്ള ശ്രമങ്ങൾ ശരീരം തുടങ്ങിക്കഴിഞ്ഞതിനാൽ, തലച്ചോറും ശരീരവും ഒരുതരം ആശയക്കുഴപ്പത്തിലാകും. ഇത് സ്ലീപ്പ് ഇനേർഷ്യ എന്ന അവസ്ഥയിലേക്ക് നയിക്കും. ഇത് കാരണം ഉണർന്ന ശേഷവും നിങ്ങൾക്ക് ദിവസം മുഴുവൻ മയക്കവും കടുത്ത ക്ഷീണവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് സ്നൂസ് ചെയ്യുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും സ്ട്രെസ് പ്രതികരണം വർധിക്കുകയും ചെയ്യാമെന്നാണ്. എന്നും കൃത്യ സമയത്ത് ഉണരാതിരിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക ജൈവ ഘടികാരത്തെ താളം തെറ്റിക്കും. ഇത് രാത്രിയിൽ കൃത്യ സമയത്ത് ഉറങ്ങാൻ കിടക്കുന്നതിനെയും രാവിലെ ഉണരുന്നതിനെയും ദോഷകരമായി ബാധിക്കാം.
അലാറം അടിച്ച ശേഷം അത് സ്നൂസ് ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പല പഠനങ്ങളും സർവേകളും സൂചിപ്പിക്കുന്നത് ഭൂരിഭാഗം ആളുകളും (ഏകദേശം 50% മുതൽ 60% വരെ) ഒന്നുകിൽ സ്നൂസ് ബട്ടൺ ഉപയോഗിക്കുകയോ അല്ലെങ്കിൽ ഒന്നിലധികം അലാറമുകൾ വെക്കുകയോ ചെയ്യാറുണ്ടെന്നാണ്. രാത്രിയിൽ ആവശ്യത്തിന് ഉറങ്ങാൻ കഴിയാത്തവർക്കാണ് രാവിലെ എഴുന്നേൽക്കാൻ ഏറ്റവും ബുദ്ധിമുട്ട്. കുറഞ്ഞ ഉറക്കം കാരണം ശരീരം കൂടുതൽ വിശ്രമം തേടുന്നു. എഴുന്നേൽക്കാനുള്ള മടിയും ഇതിന് കാരണമാണ്. ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്തുകഴിയുമ്പോൾ പിന്നീട് അലാറം ഓഫ് ചെയ്യുന്നത് ഒരു ശീലമായി മാറുന്നു.ഉറക്കത്തിന്‍റെ ആഴമേറിയ ഘട്ടത്തിൽ അലാറം അടിക്കുകയാണെങ്കിൽ, ഉടൻ ഉണരാൻ ശരീരത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാകും. ഉണർന്ന ശേഷം തലച്ചോറ് ഉടൻ ‘ഓൺ’ ആകാതിരിക്കുന്ന അവസ്ഥയാണ് അലാറം ഓഫാക്കുന്നതിന്‍റെ പിന്നിൽ. ആദ്യത്തെ അലാറം ഓഫ് ആക്കുമ്പോൾ, തലച്ചോറ് ഉണരാനുള്ള തയ്യാറെടുപ്പ് തുടങ്ങുന്നു. വീണ്ടും സ്നൂസ് ചെയ്ത് കിടക്കുമ്പോൾ തലച്ചോറ് പെട്ടെന്ന് ഒരു പുതിയ ഉറക്ക ചക്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കും.
ഉണരാൻ സമയമാകുമ്പോൾ നമ്മുടെ ശരീരം ഉണർന്നിരിക്കാൻ സഹായിക്കുന്ന ചില ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങും. ആദ്യത്തെ അലാറം കേൾക്കുമ്പോൾ തന്നെ ശരീരം ഉണരാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയും ഹോർമോണുകൾ പുറപ്പെടുവിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ വീണ്ടും ഉറങ്ങാൻ ശ്രമിക്കുമ്പോൾ ഈ ഹോർമോണുകളുടെ പ്രവർത്തനം താളം തെറ്റുന്നു. ഈ ഹോർമോൺ വ്യതിയാനങ്ങളും തലച്ചോറിൽ ആശയക്കുഴപ്പവും ചിലരിൽ ടെൻഷനും തലവേദനക്കും കാരണമാവാം. ഉറക്കമില്ലായ്മയോ അല്ലെങ്കിൽ തെറ്റായ ഉറക്കരീതികളോ കാരണം കഴുത്തിലെയും തോളിലെയും പേശികൾക്ക് വലിവുണ്ടാകാം. ഇത് കഴുത്തിൽ നിന്നും തലയുടെ പിൻഭാഗത്ത് നിന്നും തുടങ്ങുന്ന തലവേദനക്ക് കാരണമായേക്കാം.
















