തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ കരൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട അപേക്ഷയില്‍ മറുപടി നല്‍കി ഡിജിപി ജി വെങ്കട്ടരാമന്‍. യാത്രാ അനുമതിക്കും സുരക്ഷയ്ക്കുമായി കരൂര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാമെന്ന് ഡിജിപി മറുപടി നല്‍കി. യാത്രാ വിവരങ്ങള്‍ ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. കരൂര്‍ സന്ദര്‍ശനത്തിന് അനുമതി തേടി തമിഴക വെട്രി കഴകം നേതൃത്വം ഡിജിപിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിലാണ് മറുപടി.
കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ വിജയ് ഇനി പൊതുജനങ്ങളെ അഭിസംബോധന ചെയ്യില്ലെന്ന് ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ ജി അനുരാജ് പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് കാണാന്‍ വിജയ് തീരുമാനിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ അദ്ദേഹം അവിടേയ്ക്ക് തിരിക്കും. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കഴിഞ്ഞ രണ്ട് ദിവസം വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ഇതുവരെ 33 പേരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് നല്‍കിയാലും നഷ്ടത്തിന് പരിഹാരമാകില്ലെന്ന് വിജയ് കുടുംബാംഗങ്ങളോട് പറഞ്ഞു. ഉടന്‍ തന്നെ നേരിട്ട് കാണുമെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചുവെന്നും അനുരാജ് പറഞ്ഞു.
അതിനിടെ കരൂര്‍ ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്ക്കരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ടിവികെ സുപ്രീംകോടതിയെ സമീപിച്ചു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി നാളെ പരിഗണിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ സുപ്രീംകോടതി ഇത് തള്ളി. വെള്ളിയാഴ്ച മറ്റ് ഹര്‍ജികളോടൊപ്പം ഇതും പരിഗണിക്കും.
STORY HIGHLIGHT : tamil-nadu-dgp-reply-to-tvk-over-application-for-vijays-visit-in-karur
















