ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ തുടർച്ചയായ നാലാം ദിവസവും തുടരുന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രതിപക്ഷമുയർത്തിയ ബാനർ പിടിച്ചു വാങ്ങാൻ വാച്ച് ആൻഡ് വാർഡിന് സ്പീക്കറുടെ നിർദേശം. ഇന്നലെ വരെ അമ്പലം വിഴുങ്ങികൾ എന്നെഴുതിയ ബാനറായിരുന്നു പ്രതിപക്ഷം ഉയർത്തിയതെങ്കിൽ ഇന്ന് “അയ്യപ്പന്‍റെ സ്വർണ്ണം ചെമ്പാക്കിയ എൽ ഡി എഫ് രാസവിദ്യ” എന്നെഴുതിയ ബാനറായിരുന്നു സ്പീക്കറുടെ മുഖം മറച്ചു പ്രതിപക്ഷം ഉയർത്തിയത്.
നിയമസഭ സമ്മേളനം തുടങ്ങിയപ്പോൾ തന്നെ ‘എട്ടു മുക്കാൽ അട്ടിവെച്ച പോലെ ‘ എന്ന മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിക്ക് പോയതിനാല്‍ മുഖ്യമന്ത്രി ഇന്നത്തെ സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നുമില്ല.
ഇതിന് പിന്നാലെ സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ അഭ്യർഥിച്ചെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കുന്ന കാര്യം ശൂന്യവേളയിൽ ഉന്നയിക്കണമെന്നും സ്പീക്കർ നിർദേശിച്ചു. ശരണം വിളിയുമായി പ്രതിഷേധം ആരംഭിച്ചെങ്കിലും ചോദ്യോത്തര വേളയുമായി സ്പീക്കർ മുന്നോട്ടു പോകുകയായിരുന്നു.
ഇതിനിടെ പ്രതിപക്ഷ എം എൽ എ മാർ നടുത്തളത്തിലിറങ്ങി ബാനർ ഉയർത്തി. ഇതിനിടെയായിരുന്നു ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡിന് നിർദേശം നൽകിയത്. ഇതിനിടെ പ്രതിപക്ഷ എം എൽ എ മാരും വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായതോടെ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവുമുണ്ടായി. എന്നാൽ പാർലമെന്‍ററി മന്ത്രി കൂടിയായ എം ബി രാജേഷ് ഭരണപക്ഷ എം എൽ എ മാരെ ഇരിപ്പിടത്തിലെത്തി അനുനയിപ്പിക്കുകയായിരുന്നു.
















