കാൻസർ രോഗികൾക്കും ഡയാലിസിസ് രോഗികൾക്കും പൊതുഗതാഗത സംവിധാനം സൗജന്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചോദ്യോത്തര വേളയിലാണ് ഗതാഗത മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ എവിടെയും കാന്‍സര്‍ ചികിത്സയ്ക്കു പോകുന്ന രോഗികള്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴേക്ക് എല്ലാ ബസുകളിലും ആകും സൗജന്യ യാത്ര. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പ്രഖ്യാപനതിനിടെ ‘ഷെയിം ഷെയിം’ എന്ന പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യം വിളിയെയും മന്ത്രി വിമർശിച്ചു.
ആർ സി സിയിലെ രോഗികൾക്ക് സൗജന്യ യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ ഷെയിം എന്നാണ് പ്രതിപക്ഷം പറഞ്ഞത്. നാട്ടുകാർക്ക് തോന്നുന്നുണ്ട് ഷെയിം ഷെയിമെന്ന്. രണ്ടു മൂന്ന് ദിവസമായി ഇവിടെ കാണിക്കുന്ന കോമാളിത്തരം കാണുമ്പോൾ നാട്ടുകാർ ഷെയിം ഷെയിമെന്ന് പറയും. സൗജന്യ യാത്രയെ കുറിച്ചുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
















